പുലിയെ വലയിലാക്കി വനം വകുപ്പ് ; ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിനുള്ളിൽ പെട്ടത്

ചിറ്റാർ:
ആങ്ങമൂഴിയിൽ ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പുലി അവസാനം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ആങ്ങമൂഴിക്ക് സമീപം വിളക്കുപാറ ഭാഗത്ത് പുലിയുടെ സ്ഥിരം സാന്നിദ്ധ്യം ശ്രദ്ധയിൽ പ്പെട്ടതോടെയാണ് അളിയൻ മുക്ക് പ്രദേശത്ത് കൂട് വച്ചത്. ഗണപതി മഠത്തിൽ ഷാബു പിള്ളയുടെ പറമ്പിൽ സ്ഥാപിച്ച കൂടിനുള്ളിലാണ് വെള്ളിയാഴ്ച പുലർച്ചേ പുലി കെണിയിൽ കുടുങ്ങിയത്.വിളക്കുപാറ ഭാഗത്ത് പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് നാട്ടുകാരുടെ ആവശ്യപ്രകാരം വനപാലകർ
ഒരാഴ്ച മുമ്പ് വച്ച കൂട്ടിൽ കഴിഞ്ഞ 3 ദിവസമായി ഇരയെ ഇട്ടിരിക്കുകയായിരുന്നു. കൂട്ടിനുള്ളിൽ ഇട്ടിരുന്ന ഇരയെ നോക്കാൻ വീട്ടുകാർ എത്തിയപ്പോഴാണ് പുലിയെ കൂടിനുള്ളിൽ കാണുന്നത്. കഴിഞ്ഞ 3 മാസങ്ങളായി ആങ്ങമൂഴി മേഖലയിൽ ജനവാസ മേഖലകളിൽ ഭീതിപരത്തിയ വന്യമൃഗമാണ് ഇത്. 8 ഓളം വളർത്തു നായകളെയും, നിരവധി മറ്റു വളർത്തു ജീവികളെയും ആക്രമിച്ചു. സന്ധ്യകഴിഞ്ഞ് ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ പൂവേലിക്കുന്ന് പാറയ്ക്കലേത്ത് സരസമ്മയുടെ വീട്ടിലെ വളർത്തുനായയെ ആണ് പുലി ആദ്യം കൊന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പൂവേലിക്കുന്നിലെ ജനങ്ങളെ ഭയപ്പാടിലാക്കിയിരുന്നു ഈ പുലിയിറക്കം.ഗ്രൂഡ്രിക്കൽ റേഞ്ചിൽ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കോന്നിയിൽ നിന്നും
വനം വകുപ്പ് വെറ്റിനെറി ഡോ: ശ്യാംചന്ദ്രൻ എത്തി പരിശോധിച്ചശേഷം ഗ്രൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ച് ആഫീസർ എസ് മണി, കൊച്ചുകോയിക്കൽ ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് കെ ചന്ദ്രൻ, റാപ്പിഡാക്ഷൻ ടീം എന്നിവരുടെ നേതൃത്വത്തിൽ വനപാലക സംഘം പുലിയെ ഗവി വനമേഖലയിൽ ഇളം പമ്പഭാഗത്താണ് തുറന്നുവിട്ടത്. എകദേശം രണ്ടു വയസ്സു പ്രായമുള്ള പെൺ വർഗ്ഗത്തിൽപ്പെട്ട പുലിയാണിത്.

Advertisements

Hot Topics

Related Articles