തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍.മന്ത്രിസഭാ ഉപസമിതി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കും. മുട്ടത്തറയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കര്‍ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാനും പകരം ഭൂമി ഫിഷറീസ് വകുപ്പ് 22നകം കൈമാറാനും നിര്‍ദ്ദശം. 6 മന്ത്രിമാര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.അതേസമയം തീരദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാന്‍ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.രാവിലെ കുര്‍ബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുറമുഖത്തിന് മുന്നില്‍ ഉപരോധ സമരവും തുടങ്ങിയിട്ടുണ്ട്. തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിച്ചു. തീരദേശ പ്രദേശങ്ങളില്‍ നിന്ന് കരിങ്കൊടിയുമായി തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലിയും നടന്നു.