കൊച്ചി: സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ പുതിയ ചരിത്രം കുറിച്ച് മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ. പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫീസ് കളക്ഷൻ അൻപത് കോടിയാണ്. ഒരു മലയാള താരം തെലുങ്ക് സിനിമയിൽ എത്തി അൻപത് കോടി നേടുന്നത് ഇത് ആദ്യമാണ്. സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ മേഖലയിൽ ഇടം ഉറപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
സീതാരാമത്തിലൂടെ അമേരിക്കയിലും ദുൽഖർ സൽമാൻ സൃഷ്ടിച്ചത് വൻ ചലനമാണ്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങൾകൊണ്ടുതന്നെ യുഎസ്എ ബോക്സ്ഓഫിസിൽ നിന്ന് ചിത്രം വൺ മില്യൺ യുഎസ് ഡോളറിൽ (8.28 കോടി) അധികം നേടി. അമേരിക്കൻ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സൽമാൻ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. നേരത്തേ ദുൽഖറിന്റെ തന്നെ ഒ.കെ കൺമണി എന്ന ചിത്രം വൺ മില്യൺ ഡോളർ കളക്ട് ചെയ്തിരുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്ത് ദുൽഖർ നായകനായി എത്തിയ മഹാനടി 2 മില്യൺ ഡോളറാണ് കളക്ട് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം ലോകമെമ്ബാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്തത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം തെലുങ്ക് സംസ്ഥാനങ്ങൾക്ക് പുറമേ തമിഴ്നാട്ടിലും വിദേശ രാജ്യങ്ങളിലും യുഎഇയിലും മികച്ച പ്രതികരണം നേടിയിരുന്നു. ദുൽഖർ സൽമാൻ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത്, തരുൺ ഭാസ്കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറിൽ അശ്വിനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.