തൊടുപുഴ: നവജാത ശിശുവിനെ ശുചിമുറിയിലെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയകേസിൽ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഉടുമ്പന്നൂർ മങ്കുഴി ചരളയിൽ സുജിത (26) യെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിലായിരുന്ന പ്രതിയെ ഇന്നലെ രാവിലെ കരിമണ്ണൂർ സി. ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉച്ചയോടെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ 10ന് രാത്രിയിലാണ് ഉടുമ്പന്നൂരിൽ വാടകക്ക് താമസിക്കുന്ന വീട്ടിലെ ശുചി മുറിയിൽ സുജിത പ്രസവിച്ചത്. ഉടൻ തന്നെ കുഞ്ഞിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അമിത രക്തസ്രാവത്തെ തുടർന്ന് അർദ്ധ രാത്രിയോടെ സുജിത തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് പ്രസവത്തോടനുബന്ധിച്ചുണ്ടായ രക്തസ്രാവമാണെന്ന് ബോദ്ധ്യപ്പെട്ടത്. അതോടെയാണ് പ്രസവവും കൊലപാതക വിവരവും പുറത്തറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുജിത ഏതാനും മാസങ്ങൾക്ക് ഭർത്താവിനെയും ഏഴും എട്ടും വയസുള്ള രണ്ട് മക്കളേയും ഉപേക്ഷിച്ച് മുമ്പ് മറ്റൊരു യുവാവിനൊപ്പം തമിഴ്നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ബന്ധുക്കൾ ഇടപെട്ട് തിരികെ എത്തിച്ചെങ്കിലും ഭർത്താവുമായി മാനസിക ഐക്യത്തിൽ എത്തിയിരുന്നില്ല. സുജിത ഗർഭിണിയായിരുന്ന കാര്യവും പ്രസവിച്ചതും ഭർത്താവ് ആശുപത്രിയിൽ എത്തിയ ശേഷമാണ് അറിഞ്ഞത്.