ഇത്തവണ ചരിത്രം പിറക്കുമോ ! ഏഷ്യ കപ്പിൽ ചരിത്ര ഫൈനൽ കാണാൻ പ്രതീക്ഷയോടെ ആരാധക ലോകം ; കച്ചമുറുക്കി ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും

ദുബൈ : ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 28ന് പാകിസ്ഥാനെതിരെയാണ്.ഇരു ടീമുകളും ഈ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍, ഏഷ്യാ കപ്പിന്റെ കഴിഞ്ഞ 14 സീസണുകളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ മത്സരം ഒരിക്കല്‍ പോലും നടന്നിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇത്തവണ ഈ രണ്ട് ടീമുകളും ഫൈനലിലെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എങ്കില്‍ അത് ചരിത്രമായിരിക്കും.

Advertisements

1984ലാണ് ഏഷ്യാ കപ്പ് ആരംഭിച്ചത്. ആദ്യ പതിപ്പില്‍ തന്നെ ഇന്ത്യ ട്രോഫി നേടി. ശ്രീലങ്കയായിരുന്നു ഫൈനലില്‍ എതിരാളി. 1986ലെ രണ്ടാം പതിപ്പില്‍ ഇന്ത്യയെ തോല്‍പിച്ച്‌ ശ്രീലങ്ക ആദ്യമായി ഏഷ്യാ കപ്പ് സ്വന്തമാക്കി. 1988-ലെ മൂന്നാം പതിപ്പില്‍ ഇന്ത്യ തിരിച്ചുവരവ് നടത്തി, ദിലീപ് വെങ്‌സര്‍ക്കറിന്റെ നായകത്വത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി. 1991 ലെ നാലാം പതിപ്പില്‍, ഇന്ത്യ ആധിപത്യം തുടര്‍ന്നു, മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്റ്റന്‍സിയില്‍, ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യൻ ടീം മൂന്നാം തവണയും ഏഷ്യാ കപ്പ് കിരീടം നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചാം പതിപ്പ് നടന്നത് 1995-ലാണ്, ഈ പതിപ്പിലും മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ടീം ഇന്ത്യ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം നേടി. 1997ലെ ആറാം പതിപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ഇന്‍ഡ്യന്‍ ടീമിനെ നയിച്ചത്. ഈ എഡിഷനില്‍ ഇന്‍ഡ്യക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ ശ്രീലങ്ക രണ്ടാം തവണയും കിരീടം സ്വന്തമാക്കി. 2000ലെ ഏഴാം പതിപ്പില്‍ പുതിയ ജേതാവിനെ ലഭിച്ചു. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ച്‌ പാകിസ്ഥാന്‍ ആദ്യമായി കിരീടം നേടി.

2004-ലെ എട്ടാം പതിപ്പില്‍, ശ്രീലങ്ക വീണ്ടും മികച്ച കളി പുറത്തെടുക്കുകയും മൂന്നാം തവണയും കിരീടം നേടുകയും ചെയ്തു. ഫൈനലില്‍ ഇന്ത്യന്‍ ടീമിനെയാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. ഒൻപതാം പതിപ്പിലും ശ്രീലങ്ക ആധിപത്യം തുടര്‍ന്നു, ഫൈനലില്‍ ഇന്ത്യന്‍ ടീമിനെ തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെടുത്തി മൊത്തത്തില്‍ നാലാം തവണയും കപ്പ് സ്വന്തമാക്കി. 2010 ല്‍ പത്താം എഡിഷനില്‍ ക്യാപ്റ്റന്‍ ധോണിയുടെ മാന്ത്രികത കാണുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു. ഫൈനലില്‍ ശ്രീലങ്കയെയാണ് പരാജയപ്പെടുത്തിയത്.

2012ല്‍ നടന്ന പതിനൊന്നാം എഡിഷനില്‍ പാകിസ്ഥാന്‍ തിരിച്ചുവരവ് നടത്തി രണ്ടാം തവണയും ഏഷ്യാ കപ്പ് സ്വന്തമാക്കി. ഫൈനലില്‍ ബംഗ്ലാദേശിനെയാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. 2014 ലെ 12-ാം പതിപ്പില്‍, ശ്രീലങ്കന്‍ ടീം ചടുലമായ കളിയിലൂടെ അഞ്ചാം തവണയും കിരീടം നേടി. ഇത്തവണ ഫൈനലില്‍ പാകിസ്ഥാനെയാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്.

2016ലെ പതിമൂന്നാം പതിപ്പില്‍ ക്യാപ്റ്റന്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യൻ ടീം വീണ്ടും കിരീടം ചൂടി നാട്ടിലെത്തി. ഇത്തവണ ഫൈനലില്‍ ബംഗ്ലാദേശിനെയാണ് പരാജയപ്പെടുത്തിയത്. 2018 ലെ 14-ാം പതിപ്പില്‍, രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വീണ്ടും കപ്പ് നേടി. ഫൈനലില്‍ ബംഗ്ലാദേശിനെ തന്നെയാണ് തോല്‍പിച്ചത്. ഇതുവരെ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ ഏഴ് തവണയും ശ്രീലങ്ക അഞ്ച് തവണയും പാകിസ്ഥാന്‍ രണ്ട് തവണയും കിരീടം നേടിയിട്ടുണ്ട്.

എന്നാൽ ഇത് വരേയും ചിര വൈരികളായ ഇന്ത്യ – പാകിസ്ഥാൻ ഫൈനൽ പോരാട്ടം ഏഷ്യാ കപ്പിൽ നടന്നിട്ടില്ല. നിലവിൽ ഇരു ടീമുകളും തുല്യ ശക്തരായതിനാൽ തന്നെ ഇരുവരും ഫൈനലിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അത് സംഭവിച്ചാൽ ഇത്തവണത്തെ ഏഷ്യാ കപ്പിൽ പൊടി പാറുമെന്നത് തീർച്ച.

Hot Topics

Related Articles