തൊടുപുഴ: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ സമീപത്തെ 15 മരങ്ങള്‍ മുറിച്ച് നീക്കാനുള്ള തമിഴ്നാടിന്റെ നീക്കം അറിഞ്ഞിട്ടില്ലെന്നും വിവരം സംസ്ഥാനസര്‍ക്കാര്‍ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത് കിട്ടിയപ്പോള്‍ മാത്രമാണെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്. ”മരംമുറിക്ക് അനുമതി നല്കിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനമെടുക്കാന്‍ പാടില്ല ഇക്കാര്യത്തില്‍. നയപരമായ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്യമാണ്. ഞാനോ മുഖ്യമന്ത്രിയുടെ ഓഫീസോ ജലവിഭവവകുപ്പ് മന്ത്രിയോ വിവരം അറിഞ്ഞിട്ടില്ല ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന്് ഉദ്യോഗസ്ഥന് വിശദീകരിക്കണം. ഇന്ന് 11 മണിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്” വനംമന്ത്രി വ്യക്തമാക്കി.
മരം മുറിക്ക് അനുമതി തേടി തമിഴ്നാട് 2014-ല്‍ ആദ്യം കത്ത് നല്‍കിയിരുന്നു. 33 മരങ്ങള്‍ മുറിക്കാനാണ് അനുമതി ആവശ്യപ്പെട്ടത്. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പല തവണ കേരളം ഈ ആവശ്യം തള്ളി. 2020-ല്‍ 15 മരങ്ങള്‍ എന്ന കൃത്യമായ കണക്ക് തമിഴ്നാട് വനംവകുപ്പിന് നല്കി. വന്യ ജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 29 പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് മരംമുറിക്കാന്‍ അനുമതി നല്‍കാം. കടുവ സങ്കേതത്തിന്റെ ബഫര്‍ സോണിലാണ് ഈ സ്ഥലമുള്ളത്.