കോട്ടയം: എംജി സര്‍വ്വകലാശാലയിലെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി എംജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി. പ്രശ്നം ബോധിപ്പിക്കാനായി പലവട്ടം നിവേദനം അയച്ചിട്ടും ഗവര്‍ണര്‍ പ്രതികരിച്ചില്ലെന്നും ഗവര്‍ണര്‍ അധ്യാപകനായ നന്ദകുമാര്‍ കളരിക്കലിനെ വിശ്വസിച്ചിരിക്കുകയാണെന്നും ദീപാ മോഹന്‍ പറയുന്നു. സിപിഎമ്മിനെതിരെയുള്ള പാരതികളില് ഉറച്ച് നില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി. നന്ദകുമാറിന് വേണ്ടി മന്ത്രി വി എന്‍ വാസവന് ഉള്‍പ്പെടെ ഇടപെട്ടുവെന്നും ആരോപണമുണ്ട്. കോട്ടയത്ത് വന്നിട്ടും ഗവര്‍ണര്‍ സമരപ്പന്തലില്‍ വരാത്തതില്‍ ഖേദമുണ്ടെന്നും ദീപ പറഞ്ഞു.
നന്ദകുമാര്‍ കളരിക്കല്‍ അധ്യാപകനായി സര്‍വ്വകലാശാലയില്‍ തുടര്‍ന്നാല്‍ തനിക്ക് പഠിക്കാനാവില്ലെന്നും വൈസ് ചാന്‍സലറെ ഉള്‍പ്പെടെ മാറ്റണമെന്ന ആവശ്യവും ഫേസ് ബുക്ക് പോസ്റ്റിലൂടെ ദീപ ഉന്നയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി ആര് ബിന്ദു കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്നു എന്നും യുവതി വ്യക്തമാക്കുന്നു. സിപിഎം ഫാസിസം കാരണമാണ് പഠനം മുടങ്ങിയതെന്നും ഇവര്‍ ആരോപിക്കുന്നു.