കൊച്ചി: ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതയോടെ ജില്ലാ ഭരണകൂടം. കോതമംഗലം, നേര്യമംഗലം, മൂവാറ്റുപുഴ തുടങ്ങിയ ഇടങ്ങളിലും ഹൈറേഞ്ച് മേഖലയിലും ശക്തമായ മഴയുണ്ട്. ഇതേത്തുടർന്ന് ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളോട് കരുതലോടെയിരിക്കാൻ നിർദേശം നൽകിയെന്നും അതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ പറഞ്ഞു. ആവശ്യമായി വന്നാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ യെല്ലോ അലർട്ടാണ്.
ഇടമലയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഇന്നലെ വൈകിട്ട് നാലോടെ തുറന്നു. 50മുതൽ 100സെന്റീമീറ്റർ വരെ ഷട്ടറുകൾ ഉയർത്തി 68 മുതൽ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരുന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. പുഴ മുറിച്ചു കടക്കുന്നതും, മീൻ പിടിക്കുന്നതും, പുഴയിൽ വിനോദസഞ്ചാരം നടത്തുന്നതും നിരോധിച്ചു. ശക്തമായ അടിയൊഴുക്കിന് സാധ്യതയുള്ളതിനാൽ പെരിയാറിലും കൈവഴികളിലും കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഡാമിൽ നിന്നുള്ള വെള്ളമെത്തുന്നതോടെ പെരിയാറിൽ 40സെന്റീമീറ്റർ വെള്ളമുയരാനുള്ള സാദ്ധ്യതയേ ഉള്ളുവെന്നാണ് ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്കുകൂട്ടൽ.
പെരിങ്ങൽകുത്ത് ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ പുത്തൻവേലിക്കര, കുന്നുകര പഞ്ചായത്തിന്റെ തീരങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പെരിങ്ങൽകുത്തിലെ വെള്ളമെത്തുമ്പോൾ ചാലക്കുടിയിൽ പുഴയിൽ 20സെന്റിമീറ്റർ വരെ ജലനിരപ്പുയരാൻ സാധ്യതയുണ്ട്.