കുറുപ്പംപടി: ബസിടിച്ച് ബൈക്ക് യാത്രക്കാരൻ, അശമന്നൂർ പനിച്ചയം താഴത്തെകുടി നാണപ്പന്റെ മകൻ ടി.എൻ. സന്തോഷ് (46) മരിച്ചു. ടൈൽസ് വർക്ക് തൊഴിലാളിയായ സന്തോഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ഇന്നലെ വൈകിട്ട് 6.30ന് കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള വളവിലായിരുന്നു അപകടം. കോതമംഗലം ഭാഗത്ത് നിന്ന് അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന സ്വകാര്യ ബസ് പെരുമ്പാവൂർ ഭാഗത്ത് നിന്നു വരുകയായിരുന്ന സന്തോഷിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ സന്തോഷിന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി. സംഭവസ്ഥലത്ത് വച്ച് മരണം സംഭവിച്ചു. ഭാര്യ: അമ്പിളി. മക്കൾ: സഞ്ജയ്, മീനാക്ഷി (വിദ്യാർത്ഥികൾ). അമ്മ: രാധ. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.