ദുബായ് : ഏഷ്യാ കപ്പിൽ സൂപ്പർ ഫോർ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ആവേശകരമായ മത്സരത്തില്‍ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫേ-ാറില്‍ കടന്നു.രണ്ട് കളിയും തോറ്റ ബംഗ്ലാദേശ് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴിന് 183 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ ലങ്ക നാല് പന്ത് ശേഷിക്കെ ജയം നേടി. ഗ്രൂപ്പില്‍നിന്ന് അഫ്ഗാനിസ്ഥാനും സൂപ്പര്‍ ഫോറില്‍ എത്തിയിരുന്നു. ഗ്രൂപ്പ് എയില്‍ ഹോങ്കോങ്ങിനെ തോല്‍പ്പിച്ച് ഇന്ത്യയുമെത്തി. ഇന്ന് പാകിസ്ഥാന്‍ ഹോങ്കോങ്ങിനെ നേരിടും. മത്സരം പരാജയപ്പെട്ടാൽ പാകിസ്ഥാനും പുറത്ത് പോകേണ്ടി വരും.
ഒരു ഘട്ടത്തില്‍ തോല്‍വി ഭയന്ന ലങ്ക അവസാന ഓവറുകളില്‍ കളി പിടിച്ചു. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ എട്ട് റണ്ണാണ് ലങ്കയ്ക്ക് വേണ്ടിയിരുന്നത്. മഹെദി ഹസന്‍ എറിഞ്ഞ ഓവറില്‍ ലങ്കയുടെ അരങ്ങേറ്റക്കാരന്‍ അഷിത ഫെര്‍ണാണ്ടോ വിജയറണ്‍ കുറിച്ചു. ലങ്കയ്ക്ക് വേണ്ടി കുശാല്‍ മെന്‍ഡിസ് (37 പന്തില്‍ 60), ക്യാപ്റ്റന്‍ ദസുണ്‍ ഷനക (33 പന്തില്‍ 45) എന്നിവര്‍ തിളങ്ങി. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ നാളെ തുടങ്ങും. അഫ്ഗാനും ലങ്കയും തമ്മിൽ ഏറ്റുമുട്ടും. ഞായറാഴ്ച പാകിസ്ഥാനുമായിട്ടായിരിക്കും ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരം. ആറിന് അഫ്ഗാനെ നേരിടും. എട്ടിന് ലങ്കയെയും. 11നാണ് ഫെെനല്‍.