കണ്ണൂർ: കരിവള്ളൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു. ഇരുപത്തിനാലുകാരിയായ സൂര്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭർതൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സൂര്യയെ കൂടാതെ എട്ട് മാസം പ്രായമുള്ള മകനും ഭർത്താവ് രാഗേഷും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. രാഗേഷും അമ്മയും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നേരത്തെ സ്വന്തം വീട്ടിൽവന്ന് സൂര്യ ഇരുവർക്കുമെതിരെ പരാതി പറഞ്ഞിരുന്നു.
തുടർന്ന് ബന്ധുക്കൾ ഇടപെട്ടതോടെ ഇനി ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകില്ലെന്ന് രാഗേഷ് ഉറപ്പുനൽകിയിരുന്നു. അതേസമയം, സൂര്യയുടെ കുടുംബം നൽകിയ പരാതിയിൽ രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ വർഷമായിരുന്നു രാഗേഷിന്റെയും സൂര്യയുടെയും വിവാഹം നടന്നത്.