ക്യൂൻസ്ലൻഡ്: വിരാട് കോഹ്ലി തന്റെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചതിന് പിന്നാലെ രണ്ട് വർഷത്തിന് ശേഷം സ്‌കോർ മൂന്നക്കം കടത്തി സ്റ്റീവ് സ്മിത്തും. ന്യൂസിലൻഡിന് എതിരായ മൂന്നാം ഏകദിനത്തിലാണ് സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയത്. രാജ്യാന്തര ക്രിക്കറ്റിലെ സ്റ്റീവ് സ്മിത്തിന്റെ നാൽപ്പതാം സെഞ്ചുറിയാണ് ഇത്. ഏകദിനത്തിലെ 12ാമത്തെയും. 2020 നവംബറിന് ശേഷമാണ് സ്മിത്ത് സെഞ്ചുറി നേടുന്നത്. 131 പന്തിൽ നിന്ന് 11 ഫോറും ഒരു സിക്സും ഉൾപ്പെടെ 105 റൺസ് ആണ് സ്റ്റീവ് സ്മിത്ത് നേടിയത്. സ്മിത്ത് സെഞ്ചുറി തൊട്ട ഇന്നിങ്സിൽ ഓസീസ് താരത്തിന്റെ ബാറ്റിൽ നിന്ന് വന്ന സിക്സും ആരാധകരുടെ ശ്രദ്ധ പിടിക്കുന്നു.
ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 38ാം ഓവറിലാണ് സംഭവം. ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ജിമ്മി നീഷാമിനെതിരെ സ്‌ക്വയർ ലെഗ്ഗിലൂടെ സ്മിത്ത് സിക്സ് നേടി. പിന്നാലെ സർക്കിളിന് പുറത്ത് ഫീൽഡർമാർ അധികമാണെന്ന് സ്മിത്ത് ചൂണ്ടിക്കാണിച്ചു. ഇതോടെ ആ ഡെലിവറി നോ ബോൾ ആവുകയും ഓസ്ട്രേലിയക്ക് ഫ്രീ ഹിറ്റ് ലഭിക്കുകയും ചെയ്തു.