പത്തനംതിട്ട: സ്കൂള്‍ പിടിഎയുടെയും, സ്കൂള്‍ അധികാരികളുടെയും നേതൃത്വത്തില്‍ ശുചിത്വ ഓഡിറ്റ് നടത്തണമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്മാന് അഡ്വ. ടി.സക്കീര്‍ ഹുസൈന് നിര്‍ദേശിച്ചു. നവംബര്‍ എട്ടു മുതല്‍ 12 വരെയുള്ള തീയതികളിലാണ് ജില്ലാ ആസ്ഥാനത്തെ നഗരസഭാ അതിര്‍ത്തിക്കുള്ളിലുള്ള സ്കൂളുകളില്‍ ശുചിത്വ ഓഡിറ്റ് നടത്തേണ്ടത്. ആവശ്യമായ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്കൂള്‍ അധികാരികള്‍ക്ക് നല്‍കും. സ്കൂളുകളുടെ ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ശുചിമുറികളില്‍ ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് ശുചിത്വ ഓഡിറ്റ് നടത്തുന്നത്. നവംബര്‍ 15 മുതല്‍ നഗരസഭയുടെ ആരോഗ്യവിഭാഗം സ്കൂളുകളുടെ ശുചിമുറികള്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട നഗരസഭ സെക്രട്ടറി അറിയിച്ചു.