കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ സ്ഥാനം മറന്നുള്ള പ്രതികരണമാണ് നടത്തുന്നതെന്ന് കാനം പറഞ്ഞു. ഭരണഘടന നൽകുന്ന അധികാരങ്ങൾ ഗവർണർക്കുണ്ട്. എന്നാൽ, അതിനപ്പുറം ഉണ്ടെന്ന് ഭാവിക്കുന്നത് ശരിയല്ല. ജനാധിപത്യത്തിൽ ഇത് ഭൂഷണമല്ല. അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങൾ ഒന്നും സത്യത്തിൽ ഇല്ല. സർക്കാരിന്റെ അധിപനല്ല ഗവർണറെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. നിയമനിർമ്മാണസഭ അംഗീകരിക്കുന്ന നിയമങ്ങളെ തടഞ്ഞു വയ്ക്കാൻ ഗവർണ്ണർക്ക് ഭരണഘടനാപരമായി അനുവാദം നൽകുന്നില്ല. ഗവർണർ സി.ബി.ഐയുടെ ചുമതല ഏറ്റെടുക്കേണ്ടതില്ല.
ഗവർണർ മഹാരാജാവ് അല്ല, കേന്ദ്രത്തിന്റെ ഏജന്റാണ്. ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാരും മുഖ്യമന്ത്രിയും പരമാവധി ശ്രമിച്ചു. ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർത്താൽ നന്ന്. ഗവർണർ പദവിയേ വേണ്ടെന്നത് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ പൊതുനിലപാടാണ്.
കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പ്രവർത്തിക്കാൻ കേന്ദ്രത്തിന്റെ ഇതുപോലൊരു ഏജന്റിനെ ആവശ്യമില്ല. സർക്കാരിനെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദത്തം ഉള്ളതുകൊണ്ട് ഏറ്റുമുട്ടൽ ഇല്ലാതെ പോകാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നുവെന്നും അത് ദൗർബല്യമായി കാണണ്ടെന്നും കാനം വ്യക്തമാക്കി.