തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ നിന്ന് തഴയുന്നതിനെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ് കാണുന്നതെന്ന് ഇന്ത്യ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ. സഞ്ജുവിനെ തഴയുന്ന സെലക്ടര്‍മാരെ മുൻ എംപി പന്ന്യൻ രവീന്ദ്രൻ വിമര്‍ശിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഞ്ജുവിനെ ആദരിക്കുന്ന ചടങ്ങളിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ചിട്ടും, കഴിഞ്ഞവര്‍ഷം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിട്ടും ട്വന്റി 20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ചാണ് സഞ്ജു സാംസണിന്റെ പോസിറ്റീവ് മറുപടി. കഴിഞ്ഞ തവണ കാര്യവട്ടത്ത് സഞ്ജുവിനെ തഴഞ്ഞപ്പോഴുള്ള പ്രതിഷേധം സ്റ്റേഡിയത്തിൽ വച്ച് ഉണ്ടാകരുതെന്ന് ആരാധകരോട് താരം അപേക്ഷിച്ചു. സഞ്ജുവിനെ തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജിനെ വേദിയിലിരുത്തിയായിരുന്നു പന്ന്യൻ രവീന്ദ്രന്റെ വിമര്‍ശനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്ത സഞ്ജുവിനെ കെസിഎ ആദരിച്ചു. സഞ്ജുവിന്റെ കായിക ജീവതത്തെക്കുറിച്ചുള്ള ലഘുചിത്രവും ചടങ്ങില്‍ കെസിഎ പുറത്തിറക്കി. അതേസമയം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈമാസം 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20യുടെ ടിക്കറ്റ് വിൽപ്പന തുടങ്ങി. 1500 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. അപ്പര്‍ ടയര്‍ ടിക്കറ്റിന് 1500 രൂപ, വിദ്യാര്‍ത്ഥികൾക്ക് 750 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. വിദ്യാര്‍ത്ഥികൾക്കുള്ള ടിക്കറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ വഴി മാത്രമായിരിക്കും ലഭ്യം.
50 ശതമാനം ഇളവിൽ ടിക്കറ്റ് ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കണം. പവിലിയന് 2750 രൂപ നൽകണം. കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണം അടക്കം 6000 രൂപ നൽകണം. പേടിഎം ഇൻസൈഡര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു മെയിൽ ഐഡിയിൽ നിന്ന് മൂന്ന് ടിക്കറ്റ് എടുക്കാം. ടിക്കറ്റ് വില്പനയ്ക്ക് അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി.