നാഗ്പൂർ: ട്വന്റി 20 ലോകകപ്പിലേയ്ക്ക് ബൗളർമാരിൽ ഒരു പ്രതീക്ഷയും വേണ്ടെന്നും, രണ്ടാമത് ബാറ്റിംങ് ലഭിച്ചാൽ മാത്രമേ അൽപമെങ്കിലും പ്രതീക്ഷ ബാക്കിയുള്ളു എന്നു വിശ്വസിക്കാൻ ഒരു കാരണം കൂടി ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി 20 യിൽ വിജയം. മഴയും കാലാവസ്ഥയും കാരണം എട്ടോവറാക്കി ചുരുക്കിയ മത്സരത്തിൽ ആഞ്ഞടിച്ച ഓസ്ട്രേലിയയെ അതേ നാണയത്തിൽ തിരിച്ചടിച്ചാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
സ്കോർ
ഓസ്ട്രേലിയ – 90-5
ഇന്ത്യ – 92 -4
ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തിയെങ്കിലും ആവശ്യത്തിലധികം റൺ വിട്ടുകൊടുത്തത് വിജയത്തിനിടയിലും ഇന്ത്യയ്ക്ക് കല്ലുകടിയായി. പരിക്കിന് ശേഷം തിരികെ എത്തിയ ബുംറ ഒരു വിക്കറ്റ് വീഴ്ത്താൻ 11.50 റൺ ശരാശരിയിലാണ് ബൗൾ ചെയ്തത്. ലോകകപ്പ് പ്രതീക്ഷയായി ഉയർത്തിയ ഹർഷൽ പട്ടേലിന്റെ ശരാശര 16 ഉം, ചഹലിന്റെ ശരാശരി 12 ഉമായിരുന്നു. ഒരോവർ മാത്രം ബൗൾ ചെയ്ത പാണ്ഡ്യയ്ക്കും കിട്ടി പത്തിന്റെ ശരാശരി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആരോൺ ഫിഞ്ച് (15 പന്തിൽ ഒരു സിക്സ് നാലു ഫോർ 31 റൺ) നൽകിയ മികച്ച തുടക്കത്തിന്റെ അടിത്തറയിലാണ് കത്തിക്കയറിയത്. 14 ന് ആദ്യ വിക്കറ്റായി കാമറോൺ ഗ്രീൻ കോഹ്ലിയുടെ ഏറിൽ റണ്ണൗട്ടായി. പിന്നാലെ, മാക്സ് വെല്ലിനെയും ടിം ഡേവിഡിനെയും അടുത്തടുത്ത പന്തുകളിൽ അക്സർ പട്ടേൽ പുറത്താക്കിയതോടെ ആസ്ട്രേലിയ പ്രതിരോധത്തിലേയ്ക്കു വലിഞ്ഞു. എന്നാൽ, 20 പന്തിൽ 43 റണ്ണടിച്ച മാത്യു വെയ്ഡാണ് ആസ്ട്രേലിയയെ മികച്ച സ്കോറിൽ എത്തിച്ചത്.
മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ സ്ഫോടനാത്മകമായ തുടക്കമാണ് ക്യാപ്റ്റൻ രോഹിത്തും, രാഹുലും ചേർന്ന് നൽകിയത്. ആദ്യ ഓവറിൽ തന്നെ സിക്സറുകളുടെ പെരുമഴ തീർത്ത ഇരുവരും ചേർന്ന് 20 റണ്ണാണ് അടിച്ച് കൂട്ടിയത്. പത്ത് റണ്ണെടുത്ത് രാഹുലും, 11 റണ്ണുമായി കോഹ്ലിയും സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെയിലും, നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവും മടങ്ങിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിംങ്സുമായി രോഹിത്ത് ഒരു വശത്ത് തന്നെയുണ്ടായിരുന്നു. ഒൻപത് പന്തിൽ ഒൻപത് റൺ മാത്രം എടുത്ത് പാണ്ഡ്യ അതിവേഗം മടങ്ങിയെങഅകിലും രണ്ടു പന്തിൽ 10 റണ്ണടിച്ച ദിനേശ് കാർത്തിക് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. 20 പന്തിൽ നാലു വീതം സിക്സും ഫോറും നേടിയാണ് രോഹിത്ത് ഇന്ത്യയുടെ വിജയത്തിൽ മാസ്റ്ററായത്.
ഇതോടെ പരമ്പരയിൽ ഓരോ വിജയം വീതം നേടിയ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പമായി. അടുത്ത മത്സരം ഇതോടെ നിർണ്ണായകമായി.