കോട്ടയം: ആര്‍പ്പൂക്കര വാര്യമുട്ടത്ത് കഞ്ചാവുമായെത്തിയ ഗുണ്ടാ സംഘാംഗത്തെ വീണ്ടും നാട്ടുകാര്‍ കൈകാര്യം ചെയ്തു. സംഭവത്തില്‍ ഗുണ്ടാസംഘത്തലവന്‍ അലോട്ടിയുടെ സംഘാംഗമായ യുവാവിന് പരിക്കേറ്റു. ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയായ വിഷ്ണുദത്തനാണ് തലക്ക് സാരമായി പരിക്കേറ്റത്. എന്നാല്‍ കേസ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ എത്തി പ്രഥമ ശുശ്രൂഷ തേടിയ ശേഷം യുവാവ് വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച വൈകിട്ട് ആറരയോടെ ആര്‍പ്പൂക്കര വാര്യമുട്ടം ഭാഗത്തായിരുന്നു ഗുണ്ടാ സംഘത്തിന്റെ അതിക്രമം.
ആര്‍പ്പൂക്കര വാര്യമുട്ടത്ത് ഗുണ്ടാസംഘാംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്നത് വ്യാപകമായിരുന്നു. മുന്‍പ് പലതവണ നാട്ടുകാര്‍ വിലക്കിയിട്ടും മാഫിയസംഘം കഞ്ചാവ് വില്‍പ്പന തുടരുകയായിരുന്നു. ഞായറാഴ്ച പ്രദേശത്ത് കഞ്ചാവ് വില്‍ക്കാനെത്തിയ ഗുണ്ടാസംഘത്തെ നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മടങ്ങി പോയ ഗുണ്ടാസംഘം ഇരുപതോളം ഗുണ്ടകളുമായി സംഘടിച്ചെത്തി പ്രദേശത്തെ വീട് കയറി ആക്രമണം നടത്തുകയായിരുന്നു. വീടുകളിലേക്ക് മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ സംഘടിച്ച് നേരിട്ടു. നാട്ടുകാരുടെ പ്രത്യാക്രമണത്തിലാണ് വിഷ്ണുദത്തന്റെ തലക്ക് പരിക്കേറ്റത്. ഇതോടെ ഗുണ്ടാസംഘം പലവഴി ചിതറിയോടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടുകാര്‍ പിന്നാലെ ഓടിയെങ്കിലും മറ്റാരെയും പിടികിട്ടിയില്ല. അല്പസമയത്തിനകം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗുണ്ടാസംഘം രക്ഷപ്പെട്ടിരുന്നു. ഗുണ്ടാസംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് കേസെടുത്തില്ലെന്ന ആരോപണമുണ്ട്. രണ്ടാഴ്ച മുന്‍പും സമാനരീതിയില്‍ ആക്രമണത്തിനെത്തിയ ഗുണ്ടാസംഘത്തെ നാട്ടുകാര്‍ നേരിട്ടിരുന്നു. പ്രദേശത്ത് കഞ്ചാവ് മാഫിയസംഘം അഴിഞ്ഞാടിയിട്ടും നടപടി ഉണ്ടകുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.