തിരുവനന്തപുരം : സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരായ സി. ദിവാകരന്റെ പരസ്യ വിമര്‍ശനത്തിന് പാർട്ടി നടപടി വന്നേക്കും. ഇക്കാര്യം മുപ്പതിന് ചേരുന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. അതേസമയം സംസ്ഥാന സമ്മേളനത്തിന് പതാക ഉയരാൻ ഒരു ദിവസം മാത്രം ശേഷിക്കെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരസാധ്യത ഉറപ്പിക്കുകയാണ് സിപിഐ.പ്രായപരിധി വിവാദത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ സി ദിവാരകന്റെ രൂക്ഷ വിമര്‍ശനവും കാനം രാജേന്ദ്രന്റെ മറുപടിയും പുറത്ത് വന്നതോടെ സിപിഐയിൽ ഒളിഞ്ഞും തെളിഞ്ഞും നിന്ന പക്ഷങ്ങൾ പ്രകടമായി. സംസ്ഥാന സമ്മേളന നടപടികളിലേക്ക് കടക്കുന്ന പാര്‍ട്ടിക്കകത്ത് ദിവാകരന്റെ ആവശ്യത്തെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകൾ കൊഴുക്കുകയാണ്. അതിനിടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നാൽ പിൻമാറേണ്ട കാര്യമില്ലെന്ന നിലപാടിലാണ് കാനം അനുകൂലികൾ. എതിര്‍പ്പ് കടുക്കുന്ന സാഹചര്യം ഉണ്ടായാൽ വോട്ടെടുപ്പിന് സംസ്ഥാന കൗൺസിലിലേക്ക് ജില്ലാ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിൽ വരെ മത്സരത്തിന് കളമൊരുക്കാനാണ് നീക്കം. കാനം മാറിയേ തീരു എന്നും പുതിയ നേതൃത്വം വരണമെന്നും വാദിക്കുന്നവര്‍ക്ക് മുന്നിലെ ആദ്യ പരിഗണന ചെന്നെത്തുന്ന പ്രകാശ് ബാബുവിലാണ്. പ്രകാശ് ബാബു തയ്യാറായില്ലെങ്കിൽ മത്സര രംഗത്ത് പകരമാരെന്ന ചോദ്യത്തിനും വരും ദിവസങ്ങളിൽ പ്രസക്തിയുണ്ട്