തിരുവനന്തപുരം: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയോട് എട്ട് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയപ്പോള്‍ മൂന്ന് വിക്കറ്റും നിര്‍ണായക ക്യാച്ചുമായി താരമായത് ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗായിരുന്നു. പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപിന്റെ സ്പെല്ലാണ് ദക്ഷിണാഫ്രിക്കയുടെ തല തകര്‍ത്തത്. ദക്ഷിണാഫ്രിക്കന്‍ നായകന് ടെംബാ ബാവുമയെ വീഴ്ത്തി ദീപക് ചാഹര്‍ തുടക്കമിട്ട വിക്കറ്റ് വേട്ടയാണ് ക്വിന്റണ്‍ ഡി കോക്ക്, റിലേ റോസോ, ഡേവിഡ് മില്ലര്‍ എന്നിവരെ ഒറ്റ ഓവറില്‍ മടക്കി അര്‍ഷ്ദീപ് പൂര്‍ത്തിയാക്കിയത്.ഇതില്‍ ഡേവിഡ് മില്ലറെയും റിലീ റോസോയെയും അര്‍ഷ്ദീപ് ഗോള്‍ഡന്‍ ഡക്കിലാണ് മടക്കിയത്.
ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായ മില്ലറെ ഗോള്‍ഡന്‍ ഡക്കാക്കിയതോടെ മറ്റൊരു അപരാജിത കുതിപ്പിന് കൂടിയാണ് അര്‍ഷ്ദീപ് കടിഞ്ഞാണിട്ടത്. ടി20 ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താവാതെ തുടര്‍ച്ചയായി 90 മത്സരങ്ങള്‍ കളിച്ചശേഷമാണ് മില്ലര്‍ ഗോള്‍ഡന്‍ ഡക്കാവുന്നത്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 84 മത്സരങ്ങള്‍ പൂജ്യത്തിന് പുറത്താവാതിരുന്ന എം എസ് ധോണിയുടെ റെക്കോര്‍ഡും മറികടന്നായിരുന്നു മില്ലറുടെ കുതിപ്പ്. അതിനാണ് കാര്യവട്ടത്ത് അര്‍ഷ്ദീപ് അവസാനം കുറിച്ചത്. ഡേവിഡ് മില്ലറുടെ ടി20 കരിയറിലെ ആദ്യ ഡക്ക് കൂടിയാണ് കാര്യവട്ടത്ത് പിറന്നത്.