പത്തനംതിട്ട : മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസ് പുറത്തിറക്കിയ ആൽക്കോ സ്കാൻ വാൻ ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് രാവിലെ 11 നാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ് വാനിന്റെ യാത്രയ്ക്ക് കൊടികാട്ടിയത്. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചവരെ കണ്ടെത്താൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാൻ ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഓരോ ദിവസം ഉപയോഗപ്പെടുത്തുന്നതിന് നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികൾ കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിൽ തയാറാക്കിയിട്ടുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം ഡി എം എ ഉൾപ്പെടെയുള്ള രാസലഹരികൾ എന്നിവയുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക. ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ റിസൾട്ട് ലഭ്യമാക്കാനാവും, പ്രിന്റും ലഭിക്കും. ആളിനെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകൾ ഉപയോഗിക്കാൻ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥനെ വാനിൽ നിയോഗിച്ചിട്ടുണ്ട്. കാട്രിഡ്ജ് വായിൽ കടത്തി ഉമിനീർ ശേഖരിച്ചശേഷമാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുക. രണ്ടര ലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങളുടെ പ്രവർത്തനം നർകോട്ടിക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരൻ ജില്ലാ പോലീസ് മേധാവിയോട് വിശദീകരിച്ചു. പൂർണമായും ശീതീകരിച്ചതാണ് വാഹനം. ലഹരിമരുന്നുപയോഗം കണ്ടെത്താൻ നിലവിലുള്ള പരിമിതികൾ മറികടക്കുന്നതാണ് പുതിയ സംവിധാനം. യോദ്ധാവ് എന്ന പേരിൽ ലഹരിമരുന്നുകൾക്കെതിരായ ബോധവൽക്കരണം വ്യത്യസ്ത പരിപാടികളിലൂടെ സെപ്റ്റംബർ 13 മുതൽ ജില്ലയിൽ പോലീസ് നടത്തിവരികയാണ്. മദ്യമയക്കുമരുന്നുകൾ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കർശന നിയമനടപടികൾക്ക് വിധേയരാക്കാൻ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും. ഫ്ലാഗ് ഓഫ് ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി കെ സാബു, ഡി സി ആർ ബി ഡി വൈ എസ് പി എസ് വിദ്യാധരൻ, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോൺ തുടങ്ങിയവർ പങ്കെടുത്തു.