ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ടീസർ പുറത്തിറങ്ങിയതുമുതൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. ഇപ്പോഴിതാ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി എം എൽ എയും വക്താവുമായ രാം കദം. രാമായണം ആസ്പദമാക്കിയുള്ള ചിത്രം വസ്തുതകൾ വളച്ചൊടിച്ചു എന്നാരോപിച്ചാണ് ചിത്രം നിരോധിക്കണമെന്ന് ബി ജെ പി വക്താവ് ആവശ്യപ്പെടുന്നത്. നേരത്തെ മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയും ആദിപുരുഷിനെതിരെ രംഗത്തെത്തുകയും ചിത്രത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആദിപുരുഷ് നിരോധിക്കുന്നതിനൊപ്പം ചിത്രത്തിന്റെ നിർമാതാക്കളെ കുറച്ച് നാളത്തേയ്ക്ക് സിനിമാ മേഖലയിൽ നിന്ന് പുറത്താക്കണമെന്നും രാം കദം പറയുന്നു. ആദിപുരുഷിന്റെ പ്രദർശനം അനുവദിക്കില്ല. ചിത്രം ഹിന്ദു ദൈവങ്ങളെ വികലമാക്കി.പണത്തിനും പ്രശസ്തിക്കുമായി ചില നിർമാതാക്കൾ വസ്തുതകളെ വളച്ചൊടിക്കുന്നു. ഹിന്ദു സമൂഹം ഇത് സഹിക്കില്ലെന്നും ഇന്ന് രാവിലെ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ രാം കദം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തിടെ പുറത്തിറങ്ങിയ ആദിപുരുഷിന്റെ ടീസറും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 500 കോടിയോളം മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിന്റെ മോശം വി എഫ് എക്സ് വർക്കുകളായിരുന്നു വിമർശനത്തിന് പ്രധാന കാരണം. പോഗോ ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് പകർപ്പാവകാശം വിറ്റ് പോയത് എന്നതടക്കമുള്ള അടിക്കുറിപ്പുകളുമായാണ് പലരും ടീസറിന്റെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ പോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നത്.
പ്രഭാസും സെയ്ഫ് അലി ഖാനും കൃതി സനോണും അടക്കം മികച്ച താരനിര തന്നെയുള്ള ചിത്രത്തിന്റെ ടീസർ റിലീസ് അയോദ്ധ്യയിലെ സരയൂ നദിക്കരയിൽ വെച്ചാണ് നടന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ടീസറിൽ മോശം വി എഫ് എക്സുള്ളത് എന്ന അഭിപ്രായവും ചിലർ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിന് തയ്യാറാകുന്ന ആദിപുരുഷിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ഓം റാവോത്ത് ആണ്. ഐമാക്സ് 3ഡി ഫോർമാറ്റിൽ കണ്ട് ആസ്വദിക്കാവുന്ന തരത്തിൽ ടി സിരീസും റെട്രോഫൈൽസും സംയുക്തമായി നിർമിച്ചിരിക്കുന്ന ചിത്രം ജനുവരി 12നാണ് തിയേറ്ററുകളിലെത്തുക.