കൂരോപ്പട : അന്തരിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് അന്യാദൃശ്യമായ സാഹോദര്യം പകർന്ന് നൽകി കൂരോപ്പട നിവാസികൾ. ദീർഘ നാളായി കൂരോപ്പടയിൽ പച്ചക്കറി കട നടത്തി വരികയായിരുന്ന ബംഗാൾ സ്വദേശി അലാമിൻ ഹുസൈനാണ് ( 32 ) ബുധനാഴ്ച രാത്രിയിൽ മരണമടഞ്ഞത്. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബംഗാൾ മുർഷദാബാദ് സ്വദേശിയായ അലാമിന്റെ മൃതദേഹം വെള്ളിയാഴ്ച വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്ക്കാരം ബംഗാളിൽ നടക്കും. സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൃതദേഹം സ്വദേശത്തേക്ക് അയക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. സഹായ ഹസ്തവുമായി പാമ്പാടി ജനമൈത്രി പോലീസും ഒപ്പം ചേർന്നു. കൂരോപ്പട കവലയിൽ പച്ചക്കറി കടയിൽ തൊഴിലാളിയായി എത്തിയ അലമീൻ തുടർന്ന് സ്വന്തമായി കട ആരംഭിച്ചു. കുടുംബത്തോടൊപ്പം കൂരോപ്പടയിൽ താമസം ആരംഭിച്ച അലമീൻ ക്രമേണ കൂരോപ്പടക്കാരനായി മാറുകയായിരുന്നു. അലമീന്റെ മരണത്തിലും കൂരോപ്പട സ്വന്തം നാട്ടുകാരനെ പോലെ ചേർത്ത് നിർത്തി.
ഭാര്യ : ജന്നാദൻ ഫെർദോസ് , മക്കൾ : ഒസിയുൾ ആലം മണ്ഡൽ , റമീം മണ്ഡൽ