മുംബൈ: സഞ്ജു സാംസണും ഇഷാൻ കിഷനുമുണ്ടെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിൽ ഇന്ത്യൻ ടീമിൽ പ്രഥമ പരിഗണന ഋഷഭ് പന്തിനു തന്നെയായിരിക്കുമെന്ന് മുൻ ചീഫ് സിലക്ടർ സാബ കരീം. സഞ്ജു സാംസണു ബാറ്ററായി ഇന്ത്യൻ ടീമിൽ കളിക്കാം. ഇഷാൻ കിഷന് മാനേജ്മെന്റ് നൽകിയ അവസരങ്ങൾ അദ്ദേഹം ഉപയോഗിച്ചില്ലെന്നും സാബാ കരീം വ്യക്തമാക്കി.
ഋഷഭ് പന്തിനുള്ള എക്സ് ഫാക്ടർ സഞ്ജുവിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ബാറ്ററെന്ന നിലയിൽ സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ തുടരാൻ സാധിക്കുമെന്നും സാബാ കരീം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഒന്നാം ഏകദിനത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച സഞ്ജുവിന് നാനാ കോണിൽനിന്നും അഭിനന്ദന പ്രവാഹങ്ങൾ എത്തുന്നതിനിടെയാണ് സാബായുടെ ഈ വാക്കുകൾ.