കോട്ടയം:
തൊഴിലുറപ്പു തൊഴിലാളികളുടെ കുടിശ്ശിഖ അടിയന്തിരമായി കൊടുത്തു തീർക്കാൻ നടപടികൾ വേണമെന്ന് വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ.നിലവിൽ അൻപതിനായിരം കോടിരൂപയോളം തൊഴിലുറപ്പു തൊഴിലാളികൾക്കു കൊടുത്തു തീർക്കുവാനുണ്ട്. കേരളത്തിൽ മാത്രം ഇരുന്നൂറു കോടിരൂപ കുടിശ്ശിഖ തൊഴിലാളികൾക്ക് കൊടുക്കുവാനുണ്ട്. ഇപ്പോൾ തൊഴിലാളികളുടെ ജാതി തിരിച്ചു വിശദാംശങ്ങൾ ശേഖരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കുവാൻ കഴിയുന്നതല്ല. പാവപ്പെട്ട തൊഴിലാളികളുടെ കൂലി നൽകുന്നത് ജാതി അടിസ്ഥാനത്തിൽ ആകുന്നത് ആധുനിക ഭരണകൂടം സ്വീകരിക്കുന്ന പ്രാകൃത നടപടിയായേ കണക്കാക്കാനാവൂ. അതുകൊണ്ട് ഇത്തരം നടപടികളിൽ നിന്നും പിന്തിരിയണമെന്നും തൊഴിലാളികളുടെ കൂലി കുടിശ്ശിക സഹിതം കൊടുത്തു തീർക്കണമെന്നും വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ജില്ലാ സമ്മേ ളനം ആവശ്യപ്പെട്ടു.
കാർഷിക നിയമങ്ങൾ പിൻവലിച്ച് കർഷകസമരം എത്രയും വേഗം ഒത്തു തീർപ്പാക്കുക, രാജ്യത്തെ മിനിമം കൂലി ഇരുപത്തിആറായിരം രൂപ ആക്കുക, തൊഴിലാളി വിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, തുടങ്ങിയപ്രമേയങ്ങളും സമ്മേളനം പാസാക്കി. ജില്ലാ പ്രസിഡൻഡ് പി എസ് രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എ. ഐ. ടി. യു. സി. സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു. ഡബ്ള്യു സി സി സംസ്ഥാന സെക്രട്ടറി ജി. മോട്ടിലാൽ മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, പി കെ കൃഷ്ണൻ, വി കെ സന്തോഷ്കുമാർ, ടി എൻ രമേശൻ എന്നിവർ പ്രസംഗിച്ചു. വി ജെ കുര്യാക്കോസ് സ്വാഗതവും ബിജുക്കുട്ടി കെ ബി നന്ദിയും പറഞ്ഞു. ഭാരവാഹികൾ ആയി പി എസ് രവീന്ദ്രനാഥ്(പ്രസിഡൻഡ്)ബിജുക്കുട്ടി കെ ബി. (സെക്രട്ടറി) ബേബി പി ആർ(ട്രഷറാർ)എന്നിവരെ തെരഞ്ഞെടുത്തു.