കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച യുവാവിനെ കുമരകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണത്തിനു കാരണമായത് അപകടം തന്നെയെന്നു വ്യക്തമാക്കുന്ന വിവരങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന്. ആ രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ കേന്ദ്രീകരിച്ചു ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ പരിശോധനയിലാണ് യുവാവ് മരിച്ചത് അപകടത്തിലാണ് എന്നു വ്യക്തമായത്. പൊലീസ് ഉദ്യോഗസ്ഥർ പിന്നാലെ എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവങ്ങൾ ആരംഭിച്ചത്. കുമരകം എസ്.ബി.ഐ എ.ടി.എമ്മിനു സമീപത്ത് വച്ചാണ് യുവാക്കൾ ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിനു മുന്നിൽ അടിച്ചത്. ഇവിടെ നിന്നും ഓടിരക്ഷപെടുന്നതിനിടെയാണ് വെച്ചൂർ വാടപ്പുറത്ത്ചിറ ആന്റപ്പന്റെ മകൻ ജിജോയെ(26) മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് രാത്രിയിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി ജാഗ്രതാ ന്യൂസ് ലൈവ് അന്വേഷണം നടത്തിയിരുന്നു. ഹോട്ടൽ ജീവനക്കാരിൽ നിന്നും, സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുമാണ് വിവരം ശേഖരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് വാഹനത്തിന്റെ മുന്നിൽ അടിച്ചപ്പോൾ എ.ടി.എമ്മിനുള്ളിൽ നിന്നും യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ പുറത്തേയ്ക്ക് ഓടിയെത്തി. ഈ സമയം ഇത് കണ്ട യുവാക്കൾ ബൈക്കിൽ സംഭവ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു. ഇവിടെ നിന്നും രക്ഷപെട്ട യുവാക്കൾ നേരെ എത്തിയത് രശ്മി ബാറിനു മുന്നിലാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ജിജോയെ ബാറിനു മുന്നിൽ ഇറക്കിയ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ സ്ഥലത്തു നിന്നും ബൈക്കിൽ രക്ഷപെട്ടു.
ബൈക്ക് ബാറിനുള്ളിലുണ്ടെന്നു കരുതിയാണ് പൊലീസ് സംഘം പിന്നാലെ ബാറിലേയ്ക്കു കയറിയത്. എന്നാൽ, ഈ സമയം മരിച്ച ജിജോ ബാറിനുള്ളിലിരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം മടങ്ങിപ്പോകുകയും ചെയ്തു. ബാറിനുള്ളിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി വരുമ്പോൾ ജിജോ വാതിലിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെക്കണ്ട് ഉള്ളിലേയ്ക്കു മടങ്ങിപ്പോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
രാത്രിയിൽ ബാർ ജീവനക്കാർ സിസിടിവി വീണ്ടും പരിശോധിച്ചപ്പോൾ ജിജോ പുറത്തേയ്ക്കു പോകുന്നത് കണ്ടില്ല. ഇതേ തുടർന്ന് രാത്രി വൈകി ഹോട്ടൽ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ജിജോ ബാറിന്റെ പിൻഭാഗത്തേയ്ക്കു പോകുന്നത് കണ്ടതെന്നു പൊലീസ് പറയുന്നു. ബാറിന്റെ പിന്നിലെ മതിലിൽ കാൽചവിട്ടിയ പാടുകളും, മതിലിൽ കൂടി നടന്നു പോയ പാടുകളും കണ്ടെത്തിയിട്ടുണ്ട്. മതിലിന്റെ ഏറ്റവും അറ്റത്ത് എത്തിയ ശേഷം കാൽവഴുതി ചെളിയിൽ വീണാണ് ജിജോയുടെ മരണം സംഭവിച്ചതെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ ജിജോയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.