വൈക്കം : പ്രശസ്ത നാടകകൃത്തും നോവലിസ്റ്റും സംവിധായകനുമായ വൈക്കം ചിത്രഭാനു (85) അന്തരിച്ചു. തലയോലപ്പറമ്പ് തച്ചാറ കുടുംബാംഗമാണ് .അറിയപ്പെടുന്ന ആയുർവ്വേദാചാര്യൻ തച്ചാറ വാസുവൈദ്യൻ്റെയും ,കല്യാണിയുടെയും മകനാണ് . ഇന്ന് രാവിലെ 6.30 ന് ആയിരുന്നു അന്ത്യം .സംസ്കാരം വൈകിട്ട് 3 മണിക്ക്.
ജനയുഗം വാരികയിൽ കവിതകളെഴുതി ശ്രദ്ധേയനായിക്കൊണ്ട് സാഹിത്യ ജീവിതം ആരംഭിച്ചു .തുടർന്ന് മൂക്കില്ലാത്ത മഹർഷി എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു .കേരളത്തിലെ പ്രൊഫണൽ നാടക സമിതികൾക്കു വേണ്ടി കുഞ്ഞാലി മരക്കാർ ,ആയിരം വർണ്ണങ്ങൾ ,അനന്തം സാഗരം ,നക്ഷത്ര ഗീതം തുടങ്ങിയ നാടകങ്ങൾ രചിച്ചിട്ടുണ്ട് .കേരളത്തിലെ ആദ്യത്തെ മാജിക് ഡ്രാമയായ അമൃതംഗമയ എഴുതി സംവിധാനം ചെയ്ത് മാജിക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വന്തം സമിതിയിലൂടെ അരങ്ങത്തെത്തിച്ചു .അടിയന്തരാവസ്ഥയെ മുൻകൂട്ടി പ്രവചിച്ച ഈ നാടകം അക്കാലത്ത് ഒരു പാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകം മുഴുവൻ ശിഷ്യന്മാരുള്ള ഒരു മജീഷ്യൻ കൂടിയായിരുന്നു വൈക്കം ചിത്രഭാനു .ഇദ്ദേഹം എഴുതിയ മാജിക്കിൻ്റെ ലോകം ,മാജിക് മാജിക് മാജിക് ,മാജിക് – കുട്ടികൾക്കും മുതിർന്നവർക്കും ,മാജിക് ഒരു പാഠപുസ്തകം എന്നീ കൃതികൾ മാജിക്കിനെ പറ്റി മലയാളത്തിൽ ഉണ്ടായിട്ടുള്ള ആധികാരിക ഗ്രന്ഥങ്ങളാണ് .മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതം മലയാളികൾക്കു പരിചിതമായതും ഇദ്ദേഹത്തിൻ്റെ നോവലുകളിലൂടെയാണ് .അസാധാരണമായി ഒന്നുമില്ല ,സ്വപ്നാടകരുടെ സംഘഗാനം ,ഗാലെറി, ശിരോലിഖിതത്തിൽ ക്ലറിക്കൽ എറർ എന്നീ നോവലുകൾ ശ്രദ്ധേയമാണ് .മാജിക്കിൽ മാത്രമല്ല ഹസ്തരേഖാശാസത്രത്തിലും ഇദ്ദേഹം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട് .ഹസ്ത രേഖ, എങ്ങനെ നല്ലൊരു പാമിസ്റ്റാകാം എന്നീ കൃതികളും രചിച്ചിട്ടുണ്ട് .
പരന്ന വായനയും ,അഗാധ പാണ്ഡിത്യവും ,ഏതു വിഷയത്തെപ്പറ്റിയും ആധികാരികമായി സംസാരിക്കാനുള്ള കഴിവുമുള്ള ഇദ്ദേഹം വൈക്കം മുഹമ്മദ് ബഷീറിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു .ഇദ്ദേഹത്തിൻ്റെ വിയോഗം ഒട്ടേറെ പ്രസ്തരെയും പ്രഗത്ഭരെയും ലോകത്തിന് സംഭാവന ചെയ്തിട്ടുള്ളതലയോലപ്പറമ്പിന് ഒരു തീരാ നഷ്ടമാണ്.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു .പരേതയായ റിട്ടയേർഡ് ടീച്ചർ ഐഷയാണ് ഭാര്യ .പരേതനായ ഷാബർട്ട് ,സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ടുമെൻ്റിൽ ഉദ്യോഗസ്ഥനായ ഛന്ദസ് എന്നിവർ മക്കളാണ് .മരുമകൾ ശ്രീചിത്ര (റവന്യൂ വകുപ്പ്) ചിത്രഭാനുവിന്റെ നിര്യാണത്തിൽ എം.ടി.വാസുദേവൻ നായർ, പെരുമ്പടവം ശ്രീധരൻ, കിളിരൂർ രാധാകൃഷ്ണൻ, അനീസ് ബഷീർ, ഷാഹിന ബഷീർ, രവി ഡി സി , എന്നിവർ അനുശോചിച്ച്.