കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണു കിടന്നയാളുടെ പണം അടിച്ചു മാറ്റിയ പ്രതിയ്ക്കായി അന്വേഷണം നടത്തി പൊലീസ്. പരിക്കേറ്റയാളുടെ സ്കൂട്ടർ ആശുപത്രിയിലെത്തിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ സ്കൂട്ടറിനുള്ളിലുണ്ടായിരുന്ന പണം അടിച്ചു മാറ്റിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ്, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയും പുറത്തു വിട്ടിട്ടുണ്ട്.
ഒക്ടോബർ 17 ന് വൈകിട്ട് നാലരയ്ക്കും അഞ്ചിനും ഇടയിൽ കൊച്ചി മനോരമ ജംഗ്ഷനിലെ സിഗ്നലിൽ (സൗത്ത്)ആയിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരനായ കൊച്ചിൻ ഷിപ്പിയാർഡിലെ കോൺട്രാക്ട് ജീവനക്കാരൻ അബ്ദുൾ ജലീലിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇവിടെ എത്തിയ കുറച്ച് ആളുകൾ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ ഇവിടെ ഉണ്ടായിരുന്നവരിൽ ഒരാൾ ഇദ്ദേഹത്തിന്റെ സ്കൂട്ടർ ആശുപത്രിയിൽ എത്തിക്കാമെന്ന് ഉറപ്പ് നൽകി. തുടർന്ന് ഇയാൾ സ്കൂട്ടറുമായി ഇവിടെ നിന്നും കടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, സ്കൂട്ടർ ആശുപത്രിയിൽ എത്തിച്ചതുമില്ല. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് റോഡരികിൽ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്കൂട്ടറിനുള്ളിലുണ്ടായിരുന്ന 40000 രൂപയും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. ഇതോടെ ബന്ധുക്കൾ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കണ്ടെത്തിയത്. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതിയെപ്പറ്റി വിവരം ലഭിക്കുന്നവർ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലോ, 8660729887 എന്ന നമ്പരിലോ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.