ബ്രിസ്ബെൻ : ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ഇന്ന് നടക്കാനിരുന്ന സന്നാഹമത്സരം ഉപേക്ഷിച്ചു. ബ്രിസ്ബണിൽ കനത്ത മഴ ആയതിനെ തുടർന്നാണ് ടോസ് പോലും ഇടാതെ മത്സരം ഉപേക്ഷിച്ചത്. ഇതേ സ്റ്റേഡിയത്തിൽ ഈ മത്സരത്തിനു മുൻപ് നടന്ന അഫ്ഗാനിസ്ഥാൻ – പാകിസ്താൻ മത്സരവും മഴ മൂലം ഉപേക്ഷിച്ചു. അഫ്ഗാനിസ്താൻ്റെ ഇന്നിംഗ്സ് അവസാനിച്ച് പാകിസ്താൻ 2.2 ഓവർ ബാറ്റ് ചെയ്തപ്പോൾ മഴ പെയ്തതിനെ തുടർന്ന് ഈ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഈ മഴ തോർന്നില്ല. തുടർന്നാണ് ഇന്ത്യ-ന്യൂസീലൻഡ് സന്നാഹമത്സരവും ഉപേക്ഷിച്ചത്.
ടി-20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമർ പോരാട്ടം നടക്കുക ഈ മാസം 23 ഞായറാഴ്ചയാണ്. മെൽബണിലെ ഗാബയിൽ തീരുമാനിച്ചിരിക്കുന്ന കളി ആരാധകരൊക്കെ കാത്തിരിക്കുകയാണ്. എന്നാൽ, കളി മഴ തടസപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 21 മുതൽ മെൽബണിൽ മഴ പെയ്യുമെന്നാണ് കണക്കുകൂട്ടൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രമുഖ കാലാവസ്ഥാ പ്രവചന വെബ്സൈറ്റായ അക്യുവെതർ പ്രകാരം വ്യാഴാഴ്ച (20 ഒക്ടോബർ) ചാറ്റൽ മഴയുണ്ടാവും. 21 മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഇവിടെ ശക്തമായ മഴ ലഭിക്കുമെന്നാണ് അക്യുവെതർ പ്രവചിക്കുന്നത്. ഒക്ടോബർ 20 വെള്ളിയാഴ്ച മഴ പെയ്യാൻ 96 ശതമാനം സാധ്യതയുണ്ട്. 22 ശനിയാഴ്ചയും ഇതേ കാലാവസ്ഥയാണ്. 23ന് പേമാരി തന്നെ പ്രതീക്ഷിക്കാമെന്നും അക്യുവെതർ പറയുന്നു. മഴ പെയ്തില്ലെങ്കിലും അന്ന് 100 ശതമാനം മേഘങ്ങൾ നിറഞ്ഞ ആകാശമാവും. അതുകൊണ്ട് തന്നെ പിച്ചിൽ നിന്ന് സീമർമാർ നേട്ടമുണ്ടാക്കും. അത് ഇന്ത്യക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. ഷഹീൻ ഷാ, നസീം ഷാ, ഹാരിസ് റൗഫ് തുടങ്ങിയ പേസർമാർ ഇന്ത്യക്ക് ഭീഷണിയാവും.
അതേസമയം, 2023 ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷാ പറഞ്ഞു. ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയ് ഷാ. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ജയ് ഷായുടെ പ്രതികരണം.