കോട്ടയം: പറത്തി എറിയുന്ന ലഘു ലേഖകളും വായുവിലുയരുന്ന ഉച്ചഭാഷിണിയുടെ ശബ്ദവും ഓര്‍മ്മയുടെ പഴയ കാലത്ത് സിനിമാ പ്രചാരണത്തെ മടക്കിയെത്തിച്ച് കുറുപ്പിറങ്ങുന്നു. ഒളിവ് കാലം കഴിഞ്ഞ ശേഷം ഇനി കഥ പറയാനാന് കുറുപ്പ് അഭിലാഷിലും ആനന്ദിലും ഉണ്ടാകും. കയ്യിലിരുന്ന തുറുപ്പുകള്‍ മുഴുവന്‍ പുറത്തിറക്കിയിട്ടും കുറുപ്പിനെ പിടിക്കാന്‍ കഴിയാതെ പോയ കേരള പൊലീസും നാളെ എത്തും, കുറുപ്പിനെ കാണാന്‍ എത്തുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍.
കാല് നൂറ്റാണ്ട് മുന്‍പ് കത്തിക്കരിഞ്ഞ കാറില്‍ നിന്ന് കറുത്ത പുകയായി മറഞ്ഞ കുറുപ്പ് ഇനി വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് പറന്നിറങ്ങും. കുറുപ്പിന്റെ കണക്ക് പുസ്തകം കാണാന്‍ കാത്തിരിക്കുന്ന കോട്ടയംകാരെ ആകാംഷയിലും ആവേശത്തിലുമാക്കുന്ന പ്രചാരണ പരിപാടിക്കാണ് തുടക്കമായത്. പണ്ട് കണ്ട് മറന്ന ആകാശത്തിലേക്ക് എറിഞ്ഞ നോട്ടീസും മുഴങ്ങിക്കേള്‍ക്കുന്ന മൈക്ക് അനൗണ്‍സ്മെന്റും ആയിരുന്നു കുറുപ്പിന് വേണ്ടി ഒന്നരവര്‍ഷം ഒളിവിലിരുന്ന തിയേറ്ററുകളെ ഉണര്‍ത്താന്‍ വീഥികളിലൂടെ ഒഴുകിയെത്തിയത്. കോട്ടയം ജില്ലയില്‍ മാത്രം പണ്ട്രണ്ടോളം തിയേറ്ററുകളിലാണ് കോവിഡ് കാലത്തെ നിരാശയ്ക്ക് ശേഷം കുറുപ്പ് എത്താനൊരുങ്ങുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടര മുതല്‍ തന്നെ തിയേറ്ററുകള്‍ ഷോയ്ക്കായി അണിഞ്ഞൊരുങ്ങിത്തുടങ്ങും. കുറുപ്പിന്റെ ഫലം എന്തായാലും ഒളിവിലെ ഒര്‍മ്മകളുമായി കേരളം കാണാന്‍ കൊതിക്കുന്ന കുപ്രസിദ്ധനായ കൊലപാതകി തിയേറ്ററില്‍ എത്തുന്നത് മലയാള സിനിമക്ക് തന്നെ വലിയൊരു ആശ്വാസവുമായാണ്. കഥയില്‍ ഒളിപ്പിച്ച കൗതുകവും കത്തിക്കരിഞ്ഞപ്പോള്‍ പുറത്ത് വന്ന കുറുപ്പിന്റെ കള്ളത്തരങ്ങളും നമ്മുക്ക് വെള്ളിത്തിരയില്‍ കാണാം.