കോട്ടയം: ലോക്കൽ സെക്രട്ടറിമാരായി ജനപ്രതിനിധികൾ വേണ്ടെന്ന പ്രഖ്യാപനവുമായി സി.പി.എം സംസ്ഥാന സമിതി. ജനപ്രതിനിധികളായ നേതാക്കളെ ലോക്കൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കേണ്ടെന്നാണ് സി.പി.എം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ നിർദേശം പാർട്ടി കർശനമായി നടപ്പാക്കാൻ തീരുമാനിച്ചാൽ ജില്ലയിലെ 14 ലോക്കൽ സെക്രട്ടറിമാർ മാറേണ്ടി വരും. വാഴൂർ ഏരിയയിൽ മാത്രം നാല് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരാണ് ജനപ്രതിനിധികളായുള്ളത്.
എന്നാൽ, ജില്ലയിൽ ഏറ്റവും മൃഗീയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട കുമരകം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ വി.സി അഭിലാഷിനെ മാറ്റാൻ ഈ സർക്കുലർ മറയാക്കാനാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കം. കഴിഞ്ഞ സമ്മേളനത്തിൽ പാനലിലെ 15 ൽ 13 പേരും അഭിലാഷിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. തുടർന്നാണ് അഭിലാഷ് ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ഈ അഭിലാഷിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച കുമരകത്ത് ജില്ലാ കമ്മിറ്റി, ഏരിയ കമ്മിറ്റി അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയും ചേരുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇതിനെതിരെ പാർട്ടിയിൽ തന്നെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഭാഗീയ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതേ തുടർന്നു കടുത്ത അച്ചടക്ക നടപടിയും കുമരകത്ത് ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി ഏറ്റവും കൂടുതൽ ജനസമ്മതിയുണ്ടായിരുന്ന ലോക്കൽ സെക്രട്ടറിയെത്തന്നെ മാറ്റാൻ തീരുമാനമുണ്ടായിരിക്കുന്നത്. കോട്ടയം ഏരിയയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഘങ്ങളുടെ ശാഠ്യം മൂലമാണ് ലോക്കൽ സെക്രട്ടറിയെ മാറ്റാൻ നീക്കം നടക്കുന്നതെന്നും ആരോപണം.
എന്നാൽ, ജില്ലയിൽ വാഴൂർ ഏരിയ കമ്മിറ്റിയിൽ നാലു ലോക്കൽ സെക്രട്ടറിമാരാണ് ജനപ്രതിനിധികളായിട്ടുള്ളത്. ഇവരെ മാറ്റാനുള്ള നടപടികളൊന്നുമുണ്ടായിട്ടില്ല പാർട്ടിയുടെ ഭാഗത്തു നിന്നും. എന്നാൽ, തങ്ങൾക്ക് അനഭിമതനായ ജനസമ്മതനായ പാർട്ടി സെക്രട്ടറിയെ ഒഴിവാക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതിനിടെ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ബാങ്ക് ഭാരവാഹികളാകരുതെന്നും സർക്കുലറിൽ നിർദേശമുണ്ടായിരുന്നു. എന്നാൽ, തിരുവാർപ്പിലെ ബാങ്ക് പ്രസിഡന്റായ പി.എം മണി ഇപ്പോഴും ലോക്കൽ സെക്രട്ടറിയായി തുടരുകയാണ്. ഈ സാഹചര്യത്തിൽ കുമരകത്തെ ലോക്കൽ സെക്രട്ടറിയെ മാത്രം മാറ്റാനുള്ള തീരുമാനം കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.