ഇതരഭാഷകളിൽ നിന്നുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ കേരളത്തിൽ നിന്ന് പണം വാരുമ്പോൾ മലയാള സിനിമകൾക്ക് തിയറ്ററുകളിൽ ആളെത്തുന്നില്ലെന്ന ആശങ്ക പല കോണുകളിൽ നിന്ന് ഉയർന്നത് ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു. എന്നാൽ ആ ആശങ്ക ഇപ്പോഴില്ല. തിയറ്ററിൽ പ്രേക്ഷകരെ നിറച്ച പല ചിത്രങ്ങൾ തുടർച്ചയായി മലയാളത്തിൽ നിന്ന് എത്തി എന്നതാണ് അതിനു കാരണം. ഇപ്പോഴിതാ ആ നിരയിലെ തുടർച്ചയാവുകയാണ് വിപിൻ ദാസിൻറെ സംവിധാനത്തിൽ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയ ജയ ജയ ജയ ഹേ.
റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം രണ്ടാം വാരത്തിൽ തിയറ്റർ കൌണ്ട് കാര്യമായി വർധിപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രം റിലീസ് ചെയ്യപ്പെട്ടത് 150 തിയറ്ററുകളിൽ ആയിരുന്നെങ്കിൽ രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ തിയറ്ററുകളുടെ എണ്ണം 180 ആയി വർധിപ്പിച്ചിട്ടുണ്ട്. ജിസിസിയിലും മികച്ച പ്രകടനമാണ് ചിത്രം നേടുന്നത്. ഈ വാരാന്ത്യത്തിലും അടുത്ത വാരത്തിലുമായി ഇനിയും പല രാജ്യങ്ങളിലും ചിത്രം പുതുതായി പ്രദർശനത്തിന് എത്തും. മികച്ച ചിത്രമെന്ന് ഇതിനകം അഭിപ്രായം നേടിയിട്ടുള്ളതിനാൽ കളക്ഷനിൽ ഇത് കാര്യമായ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാനെമൻ എന്ന ചിത്രം നിർമിച്ച ചിയേഴ്സ് എന്റർടെയ്ൻമെന്റ് ആണ് ഈ ചിത്രത്തിൻറെയും നിർമ്മാണം. ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് നിർമ്മാതാക്കൾ. അമൽ പോൾസൻ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.