മെൽബൺ: സെമിബർത്ത് ഉറപ്പിച്ച ടീം ഇന്ത്യ സിംബാവെയ്‌ക്കെതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്തു. സെമിയ്ക്കു മുന്നോടിയായി സമ്മർദങ്ങളില്ലാതെ മത്സരത്തിനിറങ്ങുക എന്ന ലക്ഷ്യവുമായാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ ഫോമില്ലാതെ വിഷമിച്ച വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് പുറത്തിരിക്കം. പകരം ഋഷഭ് പന്താകും മത്സരത്തിൽ കളത്തിലിറങ്ങുക. സെമി അടക്കമുള്ള മത്സരങ്ങളിൽ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള നിർണ്ണായകമായ അവസരമാണ് ഋഷഭ് പന്തിനെ തേടിയെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരം വിജയിച്ച് സെമിയിൽ കരുത്തുറ്റ മത്സരം കാഴ്ച വയ്ക്കുക എന്നത് തന്നെയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.
പാക്കിസ്ഥാൻ ബംഗ്ലാദേശിനെതിരെ വിജയിച്ചതോടെ ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി. സിംബാവെയ്‌ക്കെതിരെയുള്ള മത്സരം വിജയിച്ച് എട്ടു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി സെമിയിൽ ന്യൂസിലൻഡിനെ ഒഴിവാക്കുക എന്നത് തന്നെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മത്സരത്തിൽ മികച്ച വിജയം നേടിയെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കൂ.