കൊച്ചി : ഒരിടവേളയ്ക്ക് ശേഷം നടൻ ശ്രീനിവാസൻ അഭിനയരംഗത്തേക്ക്. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന സിനിമയിലാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. വിനീത് ശ്രീനിവാസനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീനിവസന്റെ കഥാപാത്രത്തെ പറ്റി വിവരങ്ങൾ ലഭിച്ചിട്ടില്ല. അഭിനയത്തോടൊപ്പം അടുത്ത സിനിമയ്ക്കായി തിരക്കഥ എഴുതുന്നതായും സൂചനയുണ്ട്.സിനിമയുടെ ചർച്ച
തുടങ്ങയപ്പോൾ മുതൽ അച്ഛന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെടാൻ കാത്തിരിക്കുകയായിരുന്നു. നേരത്തെ ചിത്രം തുടങ്ങാനിരുന്നതാണ് എന്നും വിനീത് ശ്രീനിവാസൻ മാധ്യമങ്ങളോടു പറഞ്ഞു. ‘അച്ഛന് ഭേദമാകുന്നതുവരെ കാത്തിരിക്കുകയായിരുന്നു. മറ്റ് ആക്ടേഴ്സും അതുമായി സഹകരിച്ചു. എല്ലാവരും ഡേറ്റ് ക്രമീകരിച്ചു തന്നു,’ വിനീത് കൂട്ടിച്ചേർത്തു.
എറണാകുളം സെന്റ് ആൽബേർട്ട്സ് സ്കൂളിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റയാണ്.ശ്രീനിവാസന് ഇന്ന് ഷൂട്ടില്ല. എന്നാൽ മേക്ക് അപ്പ് ചെയ്ത് ക്യാമറയ്ക്ക് മുന്നിലേക്ക് വന്നു. ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.