മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ലൈവ്’എന്നാണ് ചിത്രത്തിന്റെ പേര്. മംമ്തയുടെ പിറന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശ് ആണ്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവ്യ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരുത്തീ’യുടെ വിജയത്തിന് ശേഷം വി.കെ. പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ലൈവ്. സാമൂഹ്യ പ്രസക്തിയുള്ള ത്രില്ലർ ആയാണ് സിനിമ ഒരുങ്ങുന്നത്.
ഫിലിംസ് 24ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ അവരുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. സമകാലികവും, സാമൂഹിക പ്രസക്തിയുമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ത്രില്ലെർ സിനിമയാണ് ലൈവ്. രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകൻ. സുനിൽ എസ് പിള്ളയാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകൻ അൽഫോൺസ് സംഗീതവും, ദുന്ദു രഞ്ജീവ് കലാസംവിധാനവും നിർവ്വഹിക്കുന്നു. ആശിഷ് കെ യാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. നവംബർ 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ജനഗണമന എന്ന ചിത്രമാണ് മംമ്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറെയും മാജിക് ഫ്രെയിംസിൻറെയും ബാനറുകളിലായിരുന്നു നിർമാണം.