പരുത്തുംപാറ: കൊമ്പന്മാരുടെ കരുത്തും അഴകും അളവും മനപ്പാഠമാക്കിയ ആനപ്രേമികളുടെ കൂട്ടായ്മ വാർഷികം ആഘോഷിക്കാൻ കുട്ടികളുടെ മുന്നിലെത്തിയപ്പോൾ കണ്ടത് കൊമ്പന്മാരെ തൊട്ടറിഞ്ഞാസ്വദിച്ച കുട്ടികളുടെ അനുഭവം. മാതംഗമിത്ര ആനപ്രേമി സംഘത്തിൻ്റെ നാലാം വാർഷികമാണ് വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചത്. കോട്ടയം പരുത്തുംപാറ ഇമ്മാനുവേൽ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കൊപ്പമായിരുന്നു ആനപ്രേമി സംഘത്തിൻ്റെ വാർഷികാഘോഷങ്ങൾ. കുട്ടികൾക്കൊപ്പം കേക്ക് മുറിക്കുകയും, ഭാരത് വിശ്വനാഥൻ എന്ന കൊമ്പനെ പരിചയപ്പെടുത്തുകയും ചെയ്തു. ആനയെ അകലെ നിന്നു മാത്രം കണ്ടിട്ടുള്ള കുട്ടികൾക്ക് കൊമ്പനെ അടുത്തറിയാൻ സാധിച്ചത് അത്ഭുതക്കാഴ്ചയായി. ആനയെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ വെറ്റിനറി സർജനും മയക്കുവെടി വിദഗ്ധനുമായ ഡോ.സാബു സി.ഐസക്കും സ്ഥലത്ത് എത്തിയിരുന്നു.
മാതംഗമിത്ര ഗ്രൂപ്പ് അഡ്മിൻ ജിതിൻ ജേക്കബ് രാജൻ യോഗത്തിൽ സ്വാഗതം ആശംസിച്ചു. ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി കോട്ടയം സെക്രട്ടറിഹരിപ്രസാദ് ഉണ്ണിപ്പള്ളിൽ ആശംസകൾ നേർന്നു. ആന ചികിത്സ രംഗത്തെ പ്രതിഭ ഡോ.സാബു സി ഐസക്കിനെ യോഗത്തിൽ ആദരിച്ചു.