മലയാളത്തിലെ പുതുമുഖ നടന്മാരിൽ ആരാധകർ ഏറെയുള്ള താരങ്ങളിൽ ഒരാളാണ് രാജേഷ് മാധവൻ. ‘ന്നാ താൻ കേസ് കൊട് ‘എന്ന ചിത്രത്തിലെ പ്രകടനത്തോടെ ആരാധകരുടെ പ്രിയം കൂടിയിരുന്നു. അതിന് പിന്നാലെ രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോളിതാ ചിത്രത്തിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്ന പ്രഖ്യാപനം നടത്തി രാജേഷ് മാധവൻ തന്നെ രംഗത്തെത്തിയിരിക്കുയാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പോസ്റ്ററടക്കം പുറത്തുവിട്ട രാജേഷ് ചിത്രീകരണം ഉടൻ തുടങ്ങും എന്നും അറിയിച്ചിട്ടുണ്ട്. ‘പെണ്ണും പൊറാട്ടും’ എന്നാണ് ചിത്രത്തിൻറെ പേര്. എസ് ടി കെ ഫ്രെയ്ംസിൻറെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിർമ്മിക്കുക.
എല്ലാരും കൂടെ ഉണ്ടാവണമെന്നും നടന്നു വന്ന വഴികൾക്കു നന്ദിയെന്നും ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ആദ്യ ചിത്രത്തിൻറെ വിവരങ്ങൾ രാജേഷ് മാധവൻ പുറത്തുവിട്ടത്. ഒരു വീടിന്റെ ചുമരും ജനലിലൂടെ കാണുന്ന പെൺകുട്ടിയുടെ രൂപവുമാണ് പോസ്റ്ററിലുള്ളത്. പരസ്പരം കയർത്ത് സംസാരിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നവരെന്ന് തോന്നിപ്പിക്കുന്ന ചിലരുടെ നിഴലുകളും പോസ്റ്ററിലുണ്ട്. സർക്കാസനം എന്നും ചുമരിൽ ചെറുതായി എഴുതിച്ചേർത്തിട്ടുണ്ട്. കോമഡി ഡ്രാമ എൻറർടെയിനറാകും ചിത്രമെന്ന ഉറപ്പും സംവിധായകൻ നൽകിയിട്ടുണ്ട്. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് മറ്റ് അണിയറ പ്രവർത്തകരെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. തൊണ്ടിമുതലും ദൃക്സാക്ഷിയും കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിൽ അസിസ്റ്റ് ഡയറക്ടറായി പ്രവർത്തിച്ച രാജേഷ് മാധവൻ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് അഭിനേതാവായി മലയാള സിനിമയിലെത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാസർഗോഡ് കൊളത്തൂർ സ്വദേശിയാണ് രാജേഷ് മാധവൻ. വിഷ്വൽ മീഡിയയിൽ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ദൃശ്യമാധ്യമങ്ങളിൽ ജോലി ചെയ്ത ശേഷമാണ് രാജേഷ് മാധവൻ സിനിമ മേഖലയിലെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്തിട്ടുണ്ട്. ‘അസ്തമയം വരെ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായിട്ടാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തനെയും ശ്യം പുഷ്കരനെയും കഥ കേൾപ്പിക്കാൻ പോയപ്പോൾ ലഭിച്ച റോളായിരുന്നു ഇതെന്നാണ് രാജേഷ് മാധവൻ തന്നെ പറഞ്ഞിരുന്നത്.
ദിലീഷ് പോത്തന്റെ തന്നെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന- ദേശീയ അവാർഡുകൾ നേടിയ ‘തിങ്കളാഴ്ച നിശ്ചയ’ത്തിന്റെയും കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചത് മറ്റാരുമായിരുന്നില്ല. ഏറ്റവുമൊടുവിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ‘സുരേശൻ’ എന്ന കഥാപാത്രമായി എത്തി തിയറ്ററുകളിൽ ചിരി നിറച്ചതോടെ ആരാധകരുടെ പ്രിയ താരങ്ങളിലൊരാലായി ഇദ്ദേഹം മാറുകയായിരുന്നു. രാജേഷ് മാധവൻ സംവിധായകനാകുമ്പോൾ ആ നിലയിലുള്ള ചിത്രം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നതും.