ഭാര്യയുമൊത്ത് ബൈക്കില്‍ പോയ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊന്നു

കണ്ണൂർ : ഭാര്യയോടൊപ്പം ബൈക്കില്‍ ജോലിക്കു പോവുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ നടുറോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി ആറുച്ചാമിയുടെ മകന്‍ സഞ്ജിത്(27) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഒമ്പതുമണിയോടെ ദേശീയപാതയ്ക്ക് സമീപം മലബാര്‍ ആശുപത്രിക്ക് എതിര്‍വശത്ത് കിണാശ്ശേരി തണ്ണീര്‍പന്തലിലേക്ക് എത്തുന്ന മമ്പറം റോഡിലാണ് സംഭവം.

Advertisements

ബൈക്കില്‍ നിന്നും വലിച്ചിറക്കി നാലുപേര്‍ ചേര്‍ന്ന് വാളുകൊണ്ട് വെട്ടുകയായിരുന്നു എന്നാണ് പറയുന്നത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യയെ പിടിച്ചുവലിച്ച് സമീപത്തെ ചാലിലേക്ക് മാറ്റിയതിനുശേഷമാണ് സഞ്ജിത്തിനെ വെട്ടിയതെന്ന് പറയുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ശരീരമാസകലം ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.സഞ്ജിത്തിനു നേരെ മുമ്പും വധശ്രമം അരങ്ങേറിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലക്കാട്-പൊള്ളാച്ചി റോഡില്‍ പട്ടത്തലച്ചി ഭാഗത്ത് അമ്മയും സഞ്ജിത്തും ചേര്‍ന്ന് നടത്തുന്ന ചായക്കട തുറക്കാനെത്തിയപ്പോള്‍ അതിരാവിലെ കടതുറക്കുന്ന സമയം നോക്കിയെത്തിയ അക്രമിസംഘം കടയില്‍ കയറി വെട്ടിയെങ്കിലും അന്ന് സഞ്ജിത് രക്ഷപ്പെട്ടു. അന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട നാല് എസ്.ഡി.പി.ഐ.ക്കാരെ കസബ പൊലീസ് പിടികൂടിയിരുന്നു. അന്നും കൃത്യമായ ആസുത്രണത്തോടെയാണ് സഞ്ജിത്തിനെ വകവരുത്താന്‍ ശ്രമമുണ്ടായത്.

കസബ പൊലീസ് സ്‌റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ ആറോളം കേസുകളില്‍ സഞ്ജിത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇത്തവണ സഞ്ജിത്തിനെ ആക്രമിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, ഡിവൈ.എസ്പി. പി.സി. ഹരിദാസ്, ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അക്രമികള്‍ നാലോ അതില്‍ കൂടുതലോ പേര്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. സംഘം കാറിലാണ് വന്നിരുന്നതെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സഞ്ജിത്ത് ജോലിക്ക് പോകുന്ന വഴി മനസിലാക്കിവെച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയിട്ടുള്ളത്. റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് നിലയുറപ്പിച്ച സംഘം സഞ്ജിത്തിന്റെ ബൈക്ക് തടഞ്ഞ് വലിച്ചിറക്കുകയായിരുന്നു. കരഞ്ഞ് ബഹളംവെച്ച ഭാര്യയെ ബലമായാണ് സമീപത്തെ തോട്ടിലേക്ക് മാറ്റിയതെന്ന് പറയുന്നു. ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു.

Hot Topics

Related Articles