കോട്ടയം: ശബരിമല മണ്ഡല കാലത്തിന്റെ ഭാഗമായി എത്തുന്ന ഭക്തരെ സ്വീകരിക്കാൻ തിരുനക്കര മഹാദേവക്ഷേത്രം ഒരുങ്ങി. അയ്യപ്പഭക്തർക്കായുള്ള സൗജന്യ അന്നദാനത്തിന്റെ ഒരുക്കങ്ങൾ ക്ഷേത്രത്തിൽ ആരംഭിച്ചു. നവംബർ 16 ചൊവ്വാഴ്ച വൈകിട്ട് ആറിന് ക്ഷേത്രത്തിലെ പൊലീസ് എയ്ഡ് പോസ്റ്റ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ഉദ്ഘാടനം ചെയ്യുന്നതോടെ മണ്ഡല മകര വിളക്ക് കാലത്തെ സുരക്ഷ അടക്കം എല്ലാ കാര്യങ്ങളിലും തിരുനക്കര തയ്യാറാകും.
വൃശ്ചികമാസത്തിൽ ശബരിമലയിലേയ്ക്കു പോകുന്ന ആയിരക്കണക്കിന് ഭക്തരാണ് വിരിവയ്ക്കുന്നതിനും, വിശ്രമിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി തിരുനക്കര മഹാദേവക്ഷേത്രത്തിൽ എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന ഭക്തർക്ക് വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മണ്ഡലകാലത്ത് ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തർക്കും സൗജന്യമായി അന്നദാനം നൽകുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കൊവിഡിനെ തുടർന്നു മുടങ്ങിയിരുന്ന അന്നദാനമാണ് പൂർവാധികം ഭംഗിയോടെ ക്ഷേത്രത്തിൽ ഇക്കുറി നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങ് തിരുവതാംകൂർ ദേവസ്വം ബോർഡ് അസി.കമ്മിഷണർ ബി.മുരാരി ബാബു ഉദ്ഘാടനം ചെയ്തു. ശങ്കർ സ്വാമി, വേണുഗോപാൽ, കണ്ണൻ മനക്കുന്നം, കൈതാരം മോഹൻ, പ്രദീപ് വേണുകൈലാസ്, വിനോദ്, അജയ് ടി.നായർ, മുൻ ഉപദേശക സമിതി പ്രസിഡന്റ് ജയൻ തടത്തുംകുഴി, വേണു സ്വസ്തിക്, പ്രദീപ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഉപദേശക സമിതി നിലവിൽ വന്നതിന് ശേഷം ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഭക്തർക്കായി നവീകരണ പ്രവർത്തനങ്ങൾ ഒരുക്കുന്നത്. ക്ഷേത്രത്തിൽ ഭക്തർക്കായി ദേവസ്വം ബോർഡിന്റെ ശൗചാലയവും തുറന്നു നൽകിയിട്ടുണ്ട്. 24 മണിക്കൂറും ക്രമീകരണങ്ങൾ ക്ഷേത്രത്തിലുണ്ട്. ക്ഷീണിച്ചെത്തുന്ന ഭക്തർക്ക് ക്ഷേത്രത്തിൽ വിശ്രമിക്കുന്നതിനായി പകൽ സമയങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനുമായാണ് ക്രമീകരണങ്ങൾ. അയ്യപ്പ ഭക്തർക്ക് വേണ്ട ക്രമീകരണങ്ങൾ എല്ലാം ക്ഷേത്രത്തിൽ ഒരുക്കിയതായി ഉപദേശക സമിതി പ്രസിഡന്റ് ടി.സി ഗനേഷ് , സെക്രട്ടറി അജയ് ടി. നായർ എന്നിവർ അറിയിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റും ക്രമീകരിച്ചിട്ടുണ്ട്. നവംബർ 16 ചൊവ്വാഴ്ച വൈകിട്ട് ആറിന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ എയ്ഡ് പോസ്റ്റ് ജില്ലാ പൊലീസ് മേധാവി ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.