ഇരുണ്ട കാർമേഘങ്ങൾക്കിടയിൽ നക്ഷത്ര കുഞ്ഞുങ്ങളുടെ ചിരിക്കായി അവർ കളം നിറയും ; പരാജയത്തിന്റെ കയ്പുനീർ രുചിക്കാൻ അനുവദിക്കാതെ സഹതാരങ്ങളെ അവർ സന്തോഷത്തിന്റെ പറുദീസ കാട്ടും ; കളിക്കളത്തിലെ ലോക ഭൂപടത്തിൽ ദൈവപുത്രന്മാർ അവർ തന്നെ

സ്പോർട്സ് ഡെസ്ക്ക് : ജയപരാജയങ്ങൾക്കപ്പുറം കേവലമായ മത്സരങ്ങൾക്കുമപ്പുറം കളിക്കളത്തെ വികാരനിർഭരമായ നിമിഷങ്ങളിലേക്ക് ചേർത്ത് വയ്ക്കുവാൻ ചില താരങ്ങൾക്ക് മാത്രമേ കഴിയൂ ….തന്റെ പ്രവർത്തന മേഖലയിൽ കഴിവ് തെളിയിക്കുവാൻ പലർക്കും കഴിയുമെങ്കിലും ആരാധക ഹൃദയത്തിൽ അത്രമേൽ തീവ്രമായി ഇടം കണ്ടെത്തുവാൻ അവർക്ക് കഴിയുന്നുണ്ട് എങ്കിൽ തീർച്ചയായും ദൈവങ്ങളായിരിക്കണം. ദൈവത്തിന്റെ സ്പർശമേറ്റവർ … ദൈവമായി കളിക്കളത്തിൽ പുനർ ജനിച്ചവർ. അർധ ശങ്കകൾക്ക് ഇടയില്ലാത്ത വണ്ണം ഉച്ചസ്ഥൈര്യം വിളിച്ചു പറയുവാൻ രണ്ടേ രണ്ട് പേരുകൾ മാത്രമാകും ഇന്ന് ലോക ഭൂപടത്തിൽ അവശേഷിക്കുന്നത്.

Advertisements

കാലുകളിലും കയ്യിലും ശരീരമാകെത്തന്നെ മാസ്മരികത ഒളിപ്പിച്ച 10-ാം നമ്പർ ജേഴ്സി ക്കാരനായ ആ കുറിയ മനുഷ്യനും , കാലുകളിൽ ഇന്ദ്രജാലം തീർക്കുന്ന മറ്റൊരു 10-ാം നമ്പർ പ്ലയറായ വേറൊരു കുറിയ മനുഷ്യനും . അതെ ക്രിക്കറ്റ് ലോകത്തെ ദൈവമായ സച്ചിനും കാൽപ്പന്തുകളിയിലെ മിശിഹയായ മെസിയും ലോകത്തെ സാക്ഷ്യപ്പെടുത്തുന്നതും അത് തന്നെയാണ്. 10 എന്ന നമ്പർ കേവലമായ പൊരുത്തം മാത്രമായിരുന്നില്ല ഇരുവർക്കുമിടയിൽ. രണ്ട് വ്യത്യസ്തമായ പച്ചപ്പുൽ മൈതാനിയുടെ ബാക്ക് ഗ്രൗണ്ടിൽ ഇരുവരും തീർത്ത ഇന്ദ്രജാലങ്ങൾ അത്രകണ്ട് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഹൃദയത്തിൽ ഉറപ്പിച്ച് എഴുതിച്ചേർക്കപ്പെടുന്നുണ്ട് ഇരുവരുടെയും ക്ലാസിക്കൽ മെറിറ്റ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രിക്കറ്റിൽ പലതരത്തിലുള്ള ഷോട്ടുകളുമുണ്ട്. പലരും അവയെല്ലാം കളിക്കാറുമുണ്ട് പക്ഷേ ആ ഷോട്ടുകൾ സച്ചിൻ കളിക്കുമ്പോഴാണ് ആ ഷോട്ടുകൾക്ക് ദൈവീക സ്പർശം കൈവരുന്നത്. ചില ഷോട്ടുകൾ മറ്റാർക്കും അപ്രാപ്യം തന്നെ. നടന്നു നീങ്ങുന്ന കാലിൽ തുകൽ പന്തിനെ തുന്നിച്ചേർത്ത് പ്രതിരോധ നിരയെ കീറിമുറിച്ച് നീങ്ങുന്ന മെസിയെന്ന മിശിഹ റോസാരോ തെരുവിൽ നടക്കുവാൻ തുടങ്ങിയ കാലം മുതൽ പന്ത് തട്ടിത്തുടങ്ങിയ ലിയോ അയാൾ കളിക്കളത്തിൽ അത്ഭുതങ്ങൾ തീർക്കുന്ന ദൈവപുത്രനല്ല എന്ന് പറഞ്ഞാൽ ആർക്കാണ് കേട്ട് നിൽക്കാനാവുക….

” ഞാൻ ദൈവത്തെ കണ്ടു. അദ്ദേഹം നാലാം നമ്പരിൽ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നു “

  • മാത്യു ഹെയ്ഡൻ

” മെസ്സി ദൈവമാണ്, കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും “

  • സാമുവൽ എറ്റൂ

വെറും യാദൃശ്ചികതയല്ല ഈ രണ്ട് ഇതിഹാസങ്ങളെക്കുറിച്ച് ഇങ്ങനെ അവരുടെ മേഖലയിലെ കളിക്കാർ പറയാനിടവന്നത്.

പത്താം നമ്പരിനെ അനശ്വരമാക്കിയവരിൽ ഇവരുൾപ്പെട്ടതും യാദൃശ്ചികതയാവില്ല.
സച്ചിനെക്കുറിച്ച് ഓർക്കുമ്പൊ ആദ്യം മനസിലേക്ക് വരുന്ന ചിത്രങ്ങളിലൊന്ന് ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ്. കുഞ്ഞ് സച്ചിൻ ബാറ്റുമായി നിൽക്കുന്നത്.
മെസ്സി കളി തുടങ്ങിയ കാലത്തെക്കുറിച്ച് തിരയുമ്പൊ കാണാൻ പറ്റുന്ന ആദ്യ കാര്യങ്ങളിലൊന്ന് അഞ്ച് വയസ് തികയുന്നതിനു മുൻപ് തന്നെ അയാൾ പന്തു തട്ടിത്തുടങ്ങിയെന്നാണ്.

സമാനതകൾ തുടങ്ങുന്നതേയുള്ളൂ..
രണ്ട് പേരും പത്താം നമ്പറെന്നുള്ളത് മറ്റൊരു കൗതുകം മാത്രം. ഉയരം പോലും അതിശയിപ്പിക്കും വിധം സമാനമാണ്. സച്ചിൻ 165 സെൻ്റിമീറ്റർ, മെസ്സി 169 സെൻ്റിമീറ്റർ.
അവർക്ക് മുൻപാണ് അവരുടെ രാജ്യം അവരുടെ കളത്തിലെ ഏറ്റവും ഉന്നതങ്ങളിലെത്തുന്നത്..

മെസിക്ക് മുൻപ് മറഡോണയും സച്ചിന് മുൻപ് കപിൽ ദേവും യഥാക്രമം ലോകകപ്പുകളുയർത്തിയിരുന്നു. 1983ലും 1986ലും….അതും അടുത്തടുത്ത് തന്നെ.
ആ മൂന്ന് വർഷത്തിൻ്റെ വ്യത്യാസം ഒന്നിലേറെയിടങ്ങളിൽ കാണാം അവരുടെ കാര്യത്തിൽ.

ലോകകപ്പിലേക്ക് വന്നാൽ മെസ്സി അഞ്ച് ലോകകപ്പുകളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. 2006, 2010, 2014, 2018, 2022. സച്ചിൻ ആറ് ലോകകപ്പുകളിൽ പാഡണിഞ്ഞു. 1992, 1996, 1999, 2003, 2007, 2011 .

മെസ്സി അർജൻ്റീനയ്ക്ക് വേണ്ടി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായിക്കഴിഞ്ഞു. ഇന്ത്യയുടെയും ലോക ക്രിക്കറ്റിലെയും ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺ നേടിയത് മറ്റാരുമല്ല…സച്ചിൻ തന്നെ

അരങ്ങേറി രണ്ടാമത്തെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു സച്ചിൻ. പക്ഷേ സെമിയിൽ ശ്രീലങ്കയോട് പരിതാപകരമായി തോൽക്കാനായിരുന്നു വിധി. മെസ്സി അരങ്ങേറി രണ്ടാമത്തെ ലോകകപ്പിൽ അതുപോലെ പരിതാപകരമായി തോറ്റ് പുറത്തായത് ജർമനിയോടാണ്.

സച്ചിൻ ഒരു വട്ടം ലോകകിരീടത്തിന് അടുത്തെത്തിയതാണ്. 2003 ലോകകപ്പിൻ്റെ ഫൈനലിൽ ഓസ്ട്രേലിയയോട് ഫൈനലിൽ പരാജയപ്പെടുന്നത് വരെ..മെസ്സിയും ഒരു തവണ ലോകകപ്പിൻ്റെ ഫൈനൽ വരെ എത്തിയിരുന്നു.2014 ലോകകപ്പ് ഫൈനലിൽ ജർമനിയോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെടുന്നത് വരെ..

രണ്ട് ഫൈനലുകൾക്കിടയിൽ, 2003 നും 2011 നും ഇടയിലെ കപ്പ് സച്ചിൻ മറക്കാനാവും ആഗ്രഹിച്ചിട്ടുണ്ടാവുക. 2007ൽ ബംഗ്ലാദേശിനോട് തോറ്റ് പുറത്തായത്. രണ്ട് ഫൈനലുകൾക്കിടയിൽ 2014 നും 2022 നും ഇടയിലെ കപ്പ് മെസ്സിക്കും അങ്ങനെതന്നെ..പ്രീ ക്വാർട്ടർ പോലും കടന്നില്ല.

ഇരുവരും അവരവരുടെ മേഖലയിൽ സമാനതകളില്ലാത്ത നേട്ടത്തിന് ഉടമകളാണെങ്കിലും ലോക കിരീടം അകന്നുതന്നെ നിന്നു.

സച്ചിന് 1992 ലോകകപ്പിൽ തുടങ്ങി 19 വർഷം കാത്തിരിക്കേണ്ടിവന്നു ഒരു ലോകകപ്പിൽ മുത്തമിടാൻ. അർജൻ്റീനയ്ക്കായി ആദ്യം ബൂട്ട് കെട്ടിയിട്ട് മെസ്സിക്കിത് പതിനെട്ടാം വർഷമാണ്.

ഇനി ആ രണ്ടാമൂഴത്തിലേക്ക്..

രണ്ടാമത് ലോകകപ്പ് ഫൈനലിൽ എത്തുമ്പൊ സച്ചിന് 38 വയസുണ്ട്. ഇനിയൊരു ലോകകപ്പിന് സാധ്യതയില്ലെന്ന് കല്പിക്കുന്ന സാഹചര്യം. രണ്ടാമത് ലോകകപ്പിൻ്റെ ഫൈനലിൽ എത്തുമ്പൊ മെസിക്ക് 35 വയസാണ്. ഇനിയൊരു വരവുണ്ടാവുമോയെന്ന് അവിടെയും ഉറപ്പില്ല.

ആദ്യ ലോകകപ്പ് ഫൈനലിനു ശേഷം സച്ചിൻ വീണ്ടും ലോകകപ്പ് ഫൈനലിലെത്തുന്നത് എട്ട് വർഷത്തിന് ശേഷം 2011 ലാണ്. 2014 നു ശേഷം എട്ട് വർഷം കഴിഞ്ഞ് മെസ്സി ദാ, വീണ്ടും ഫൈനലിൽ എത്തിയിട്ടുണ്ട്. സച്ചിന് പൂർണത നൽകിയ കളിയുടെ കാവ്യനീതി എക്കാലത്തെയും മികച്ച ഫുട്ബോളറോടും ആ കനിവ് കാണിക്കുമോ.

കണ്ടറിയാൻ ഇനി ദിവസങ്ങൾ മാത്രം.

ആ പെർഫെക്റ്റ് ടെൻ നേടിയാൽ…
സമ്പൂർണം.

Hot Topics

Related Articles