കോട്ടയം: നഗരസഭയിലെ നിർണ്ണായകമായ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ മൂന്നു മുതിർന്ന കോൺഗ്രസ് അംഗങ്ങൾ ഫോൺ ഉപയോഗിച്ചതിനെച്ചൊല്ലി വിവാദം. പാർട്ടിയ്ക്കു മുകളിൽ പറന്ന അംഗങ്ങൾ തങ്ങളെ മണ്ടന്മാരാക്കിയെന്ന് ആരോപിച്ച് ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ രംഗത്ത് എത്തിയതാണ് വിവാദമായി മാറിയത്. മുതിർന്ന കോൺഗ്രസ് നേതാവും ഡി.സി.സി ഭാരവാഹിയുമായ എം.പി സന്തോഷ്കുമാർ, മണ്ഡലം പ്രസിഡന്റ് സാബു മാത്യു, കൗൺസിലറും മുൻ ചെയർപേഴ്സണുമായ ബിന്ദു സന്തോഷ്കുമാർ എന്നിവർ മൊബൈൽ ഫോണുമായി കൗൺസിൽ ഹാളിൽ കയറിയതാണ് ഇപ്പോൾ വിവാദമായി മാറിയത്.
കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടന്നത്. ഒരു വോട്ടിന്റെ മാത്രം ബലത്തിൽ നഗരസഭയുടെ ഭരണം പിടിക്കാനിറങ്ങിയ കോൺഗ്രസിന് നിർണ്ണായകമായിരുന്നു തിരഞ്ഞെടുപ്പ്. അതുകൊണ്ടു തന്നെ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 20 കോൺഗ്രസ് അംഗങ്ങളും, സ്വതന്ത്ര സ്ഥാനാർത്ഥി ബിൻസി സെബാസ്റ്റ്യനും ഫോണുമായി കൗൺസിൽ ഹാളിൽ എത്തരുതെന്ന് നിർദേശിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് അനുസരിച്ച് എല്ലാ കൗൺസിലർമാരും കൗൺസിൽ ഹാളിലേയ്ക്കു ഫോൺ എടുക്കാതെയാണ് പോയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഫോൺ വച്ച ശേഷമാണ് ഇവർ പോയിരുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നിന്നും ടെമ്പോ ട്രാവലറിലാണ് കോൺഗ്രസ് അംഗങ്ങളെ ഒന്നിച്ച് നഗരസഭയിൽ എത്തിച്ചത്. എന്നാൽ, കൗൺസിൽ ഹാളിൽ എത്തിയപ്പോഴാണ് എം.പി സന്തോഷ്കുമാറിന്റെയും ഭാര്യയുടെയും സാബുവിന്റെയും കയ്യിൽ ഫോൺ കണ്ടത്. ഇതോടെ കൗൺസിലർമാരിൽ പലരും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.