ദീപിക പാദുക്കോണ്‍ ലോകകപ്പ് ഫുട്ബോള്‍ വേദിയിലെ പ്രത്യേക സാന്നിധ്യമായത് എങ്ങനെ?

ദീപിക പാദുക്കോണ്‍ ലോകകപ്പ് ഫുട്ബോള്‍ ട്രോഫി അനാവരണം ചെയ്തത് വലിയ ചർച്ചയ്ക്ക് വഴി ഒരുക്കിയിട്ടുണ്ട്. ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന ദീപിക നായികയായി എത്തുന്ന ചിത്രം പഠാനുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയരുന്ന വിവാദങ്ങളുടെ പാശ്ചത്താലത്തിനിടയിലാണ് ലോകകപ്പ് വേദിയിൽ ദീപികയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം മുതല്‍ ഇത് വലിയ വാര്‍ത്തയായിരുന്നു . ദീപികയുടെ ഒരു ആഗോള വേദിയിലെ സാന്നിധ്യം ഏറെ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.കാലങ്ങളായി ലോകകപ്പ് ഫൈനലിന് തൊട്ട് മുന്‍പാണ് ലോകകപ്പ് അനാവരണ ചടങ്ങ് നടത്തുന്നത്. ഫിഫയെ സംബന്ധിച്ച് വളരെ സവിശേഷമായ ഒരു ചടങ്ങാണ് ഇത്. സൂറിച്ചില്‍ സൂക്ഷിച്ച ഫിഫയുടെ സ്വര്‍ണ്ണട്രോഫി വിജയികള്‍ക്ക് സമ്മാനിക്കാന്‍ ഫൈനല്‍ വേദിയില്‍ എത്തിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. രണ്ടുപേരാണ് ഈ പരിപാടിയില്‍ ഉണ്ടാകുക. മുന്‍പ് ലോകകപ്പ് നേടിയ ക്യാപ്റ്റന്‍, ഒപ്പം ട്രോഫി കൊണ്ടുവരുന്ന പെട്ടി സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ അംബാസിഡര്‍. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിലെ പരിപാടിയില്‍ ദീപികയ്ക്കൊപ്പം മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസാണ് ഉണ്ടായത്. 2010 ലോകകപ്പ് സ്പെയിന്‍ നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നു മുന്‍ സ്പാനീഷ് ഗോള്‍ കീപ്പര്‍. ദീപികയാണെങ്കില്‍ ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോണ്‍സര്‍ ചെയ്ത ലൂയിസ് വ്യൂട്ടൺ എന്ന ആംഢബര ബ്രാന്‍റിന്‍റെ അംബാസിഡറാണ്. കാലാകാലങ്ങളായി ഇതാണ് ഫിഫയുടെ പതിവ് .റഷ്യയില്‍ 2018 ല്‍ ഇത് നടത്തിയത് 2014 ല്‍ ജര്‍മ്മനി ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന ഫിലിപ്പ് ലാമ്പും. സൂപ്പര്‍ മോഡലായ നതാലിയ വോഡിയാനോവയും ചേര്‍ന്നാണ്. ആ സമയത്ത് ലൂയിസ് വ്യൂട്ടൺ അംബാസിഡര്‍ ആയിരുന്നു നതാലിയ വോഡിയാനോവ. ഇത്തവണ അത് ദീപികയായി. ലൂയിസ് വ്യൂട്ടൺ ട്വിറ്റര്‍ പേജില്‍ അടക്കം ചടങ്ങിന്‍റെ ഫോട്ടോയുണ്ട്. ലൂയിസ് വ്യൂട്ടൺ ബാഗിന്‍റെ ഡിസൈന്‍ വേഷത്തിലാണ് ചടങ്ങില്‍ ദീപിക എത്തിയത്. ആഗോള ബ്രാന്‍റായ ലൂയിസ് വ്യൂട്ടണ്‍ന്‍റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബ്രാന്‍റ് അംബാസിഡറാണ് ദീപിക.

Advertisements

Hot Topics

Related Articles