പാലാ : പാലായിൽ ഉച്ചയ്ക്ക് അനുഭവപ്പെട്ട ഭൂകമ്പത്തിൽ അപകട സാധ്യതയില്ലന്ന് അധികൃതർ. എന്നാൽ ഭൂമിക്കടിയിലുണ്ടായ മുഴക്കത്തിൽ ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ. മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണെന്നാണ് വിവരം. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മീനച്ചിൽ, പുലിയന്നൂർ വില്ലേജുകളിലും മുഴക്കം അനുഭവപ്പെട്ടു. പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. പാലായിൽ അരുണാപുരം, പന്ത്രണ്ടാംമൈൽ എന്നിവിടങ്ങളിലും നേരിയ മുഴക്കം അനുഭവപ്പെട്ടു. ഏതാനും ദിവസം മുമ്പ് രാത്രി പത്തോടെ ശക്തമായ മുഴക്കത്തോടെയുള്ള വിറയലും അനുഭപ്പെട്ടിരുന്നു.