കോട്ടയം ഈരാറ്റുപേട്ടയിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ തിരിമറി ; മാനേജർ അറസ്റ്റിൽ

കോട്ടയം : മൈക്രോഫിനാൻസ് സ്ഥാപനത്തിൽ പണം തിരിമറി നടത്തിയ കേസിൽ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി മുരിക്കാടി ഭാഗത്ത് പല്ലേക്കാട്ട് വീട്ടിൽ ഫ്രെഡി മകൻ നിഖിൽ ഫ്രെഡി (25) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാനേജരായി ജോലി ചെയ്തു വന്നിരുന്ന ഈരാറ്റുപേട്ടയിലുള്ള ആശിർവാദ് മൈക്രോഫിനാൻസ് കമ്പനിയിൽ ഫീൽഡ് ഓഫീസർമാർ ഹെഡ് ഓഫീസിൽ അടയ്ക്കുന്നതിനായി ഏൽപ്പിച്ച പത്തു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ ഹെഡ് ഓഫീസിൽ അടക്കാതെ തിരിമറി നടത്തുകയായിരുന്നു.

Advertisements

പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ തിരിമറി നടത്തിയത് നിഖിൽ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്വേഷണസംഘം ഇയാളെ അരുവിത്തറയിൽ നിന്നും പിടികൂടുകയായിരുന്നു. ഈ പണം ഓൺലൈൻ ഗെയിമിനുവേണ്ടി ചെലവഴിക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, എ.എസ്.ഐ ഇക്ബാൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles