അയ്മനത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
സീനിയർ റിപ്പോർട്ടർ
സമയം – 1.21
കോട്ടയം: പാലായ്ക്കു പിന്നാലെ കോട്ടയം നഗരത്തിൽ അയ്മനത്ത് ഭൂമികുലുക്കമുണ്ടായതായി വ്യാജ പ്രചാരണം. സോഷ്യൽ മീഡിയയിലാണ് ഇത്തരത്തിൽ വ്യാജ പ്രചാരണമുണ്ടായത്. അയ്മനത്തെ ഒരു വീടിനു മുന്നിൽ മണ്ണിടിഞ്ഞ് രൂപപ്പെട്ട കുഴിയാണ് ഇപ്പോൾ ഭൂമികുലുക്കത്തെ തുടർന്നുണ്ടായതാണെന്ന രീതിയിൽ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. അനാവശ്യമായി ഭീതി പടർത്തുന്ന അജ്ഞാത കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച ഉച്ചയോടെയാണ് പാലായിലും മീനച്ചിൽ പ്രദേശങ്ങളിലും ഭൂമികുലുക്കം ഉണ്ടായത്. ജില്ലയിലെ ജിയോളജി റവന്യു വകുപ്പ് അധികൃതർ ഇവിടെ ഭൂമികുലുക്കം ഉണ്ടായത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ അയ്മനത്തും കഴിഞ്ഞ ദിവസം ഭൂമികുലുക്കം ഉണ്ടായതായും, ഇവിടെ വീടിനു മുന്നിൽ കുഴി രൂപപ്പെട്ടതായും ചില കേന്ദ്രങ്ങളിൽ നിന്നും അസത്യ പ്രചാരണം ഉണ്ടാകുകയായിരുന്നു.
പരിഭ്രാന്തരായ നാട്ടുകാർ സത്യാവസ്ഥ അറിയാൻ ജാഗ്രതാ ന്യൂസ് ലൈവ് റിപ്പോർട്ടറെ ഫോണിൽ ബന്ധപ്പെട്ടു. ഇതേ തുടർന്നു ജാഗ്രതാ ന്യൂസ് ലൈവ് സംഘം അന്വേഷണം നടത്തി. തുടർന്നു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജേന്ദ്രനെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, അയ്മനം പഞ്ചായത്തിലെ ഏതെങ്കിലും പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായതായി അറിയില്ലെന്നും, ഇത്തരത്തിൽ ഒരു റിപ്പോർട്ടും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
ഇതേ തുടർന്നു, ജാഗ്രതാ ന്യൂസ് ലൈവ് സംഘം അയ്മനം വില്ലേജ് ഓഫിസറെയും ഫോണിൽ ബന്ധപ്പെട്ടു. അയ്മനം പഞ്ചായത്തിൽ നാലാം വാർഡിൽ പുത്തൻതോടിന് സമീപം മുണ്ടംപ്ലാക്കൽ സുനിലിന്റെ വീടിനോട് ചേർന്നു കുഴി രൂപപ്പെട്ടിട്ടുണ്ടെന്നു സമ്മതിച്ച വില്ലേജ് ഓഫിസർ സെബാസ്റ്റ്യൻ വർഗീസ്, ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ലെന്നു ജാഗ്രതാ ന്യൂസ് ലൈവിനോട് പറഞ്ഞു. കുഴി രൂപപ്പെട്ടത് എങ്ങിനെയാണ് എന്നു കണ്ടെത്തുന്നതിനായി ജിയോളജി വിഭാഗം അധികൃതരെ പരിശോധനയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. ഈ പരിശോധനയും അതിന്റെ ഫലവും ലഭിച്ചതിന് ശേഷം മാത്രമേ ആധികാരികമായി വിവരം പറയാനാവൂ. ഭൂമികുലുക്കത്തിന്റെ ലക്ഷണങ്ങൾ ഒന്നും പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഭൂകമ്പം ഉണ്ടായതായി പ്രദേശവാസികൾ ആരും തന്നെ അറിയിച്ചിട്ടില്ലെന്നു സി.പി.എം അയ്മനം വെസ്റ്റ് ലോക്കൽ സെക്രട്ടറി ലിജീഷ് അയ്മനവും ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
അയ്മനത്ത് വീടിനു മുന്നിൽ കുഴി കണ്ടെത്തിയെന്നും, എന്നാൽ, അത് ഭൂമികുലുക്കത്തെ തുടർന്ന് ഉണ്ടായതാണെന്നു ഉറപ്പിക്കാനാവില്ലെന്നും അയ്മനം പഞ്ചായത്തംഗം വിജി രാജേഷും ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. വീടിനു മുന്നിൽ കുഴിയുണ്ടായ സംഭവത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും, ഇതിനായി ജിയോളജി വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇതിനിടെ പ്രദേശവാസികളായ ചിലരും ജാഗ്രതാ ന്യൂസ് ലൈവിനെ ബന്ധപ്പെട്ട് ഭൂകമ്പം ഉണ്ടായതായി അറിയില്ലെന്ന് അറിയിച്ചു. പ്രദേശത്ത് ഇന്നലെ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലന്നു പ്രദേശവാസിയായ നിധിൻ പറഞ്ഞു. ഭൂചലനം ഉണ്ടായെങ്കിൽ ഏതെങ്കിലും രീതിയിൽ ഒരാളെങ്കിലും അറിഞ്ഞേനെ. കുഴി രൂപപ്പെട്ടതിന് മറ്റെന്തെങ്കിലും കാരണമുണ്ടാകും. ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്നും നിധിൻ ജാഗ്രതയോടു പറഞ്ഞു.
ചില കേന്ദ്രങ്ങളിൽ നിന്നും വ്യാജ വാർത്ത പ്രചരിപ്പിച്ചത് നാട്ടുകാരെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഭൂമിക്കടിയിൽ നീരൊഴുക്കുണ്ടായതും, മണ്ണിടിഞ്ഞതും ആകാം കുഴി രൂപപ്പെടാൻ കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞത്. മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുള്ള പ്രദേശമാണ് അയ്മനം. എന്നാൽ, ഇത് അപകടസാധ്യതയുള്ളതാണ് എന്നു കരുതാനും ആകില്ലെന്നും ഇവർ വ്യക്തമാക്കുന്നു.