പുതുവത്സര ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്: ബേസിലുമായി ഒന്നിച്ച് ‘ഗുരുവായൂർ അമ്പലനടയിൽ’.പുതുവത്സര ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ പൃഥ്വിരാജ്. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന് പേരിട്ട ചിത്രം ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദിസ് സംവിധാനം ചെയ്യും. ബേസിൽ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ‘ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്.
‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ മുൻനിര നിർമാണ കമ്പനിയായ ഇ ഫോർ എൻറർടെയിൻമെൻറ്സാണ് ചിത്രം നിർമിക്കുന്നത്.കാപ്പയാണ് പൃഥ്വിരാജിൻറെതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ കൊട്ട മധു എന്ന ഗുണ്ടാ നേതാവായാണ് താരം എത്തിയത്. ആസിഫ് അലി, അന്ന ബെൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ ആണ് പൃഥ്വിരാജിൻറേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ആടുജീവിതം റിലീസ് ചെയ്യുന്നതിന് മുമ്പ് ഈ വർഷത്തെ കാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിൻറെ പ്രീമിയർ നടത്താൻ ആഗ്രഹമുണ്ടെന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. എ.ആർ റഹ്മാനാണ് ചിത്രത്തിൻറെ സംഗീത സംവിധാനം.’ജയ ജയ ജയ ജയ ഹേ’ ആണ് ബേസിൽ നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം.