ആലപ്പുഴ :ആലപ്പുഴ–ചങ്ങനാശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പുനർ നിർമിച്ച മനയ്ക്കച്ചിറ കോണ്ടൂർ പാലത്തിന്റെ ഭാരപരിശോധന ജോലികൾ ആരംഭിച്ചു. അന്തരീക്ഷ താപനില അടക്കം പരിശോധിക്കുന്ന ജോലികളാണു പുരോഗമിക്കുന്നത്. ഇന്നു മുതൽ പാലത്തിൽ ഭാരം കയറ്റിയുള്ള പരിശോധനകളാണ് ആരംഭിച്ചത്.
41 ടൺ ഭാരമുള്ള 4 ലോറികളാണു പരിശോധനയ്ക്കായി പാലത്തിൽ കയറ്റിയത്. ആദ്യം 50% ഭാരവും തുടർന്നു നിശ്ചിത സമയപരിധിയിൽ 75%, 90%, 100% എന്ന കണക്കിൽ പാലത്തിൽ ഭാരം കയറ്റി. ഭാരം പാലത്തിൽ കയറ്റി 24 മണിക്കൂറിനുശേഷം ഭാരം ഇറക്കിയുള്ള പരിശോധനകൾ ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നു മുതൽ പെരുന്ന മുതൽ മനയ്ക്കച്ചിറ കോണ്ടൂർ പാലം വരെയുള്ള ഭാഗത്ത് ടാറിങ്ങിന്റെ രണ്ടാംഘട്ട ജോലികൾ ആരംഭിക്കും. 6 സെ മീറ്റർ കനത്തിലാണു രണ്ടാംഘട്ട ടാറിങ് നടത്തുന്നത്. ഇന്ന് പുലർച്ചെ ആരംഭിച്ച ജോലികൾ നാളെ പുലർച്ചെ പൂർത്തിയാകും. നിർമാണ സമയത്തു റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 5 കിലോമീറ്റർ ഭാഗത്തു രണ്ടാംഘട്ട ടാറിങ് പൂർത്തിയായിട്ടുണ്ട്.
രാമങ്കരി, പൂവം, പാറയ്ക്കൽ, ഒന്നാങ്കര തുടങ്ങിയ ഭാഗങ്ങളിലാണു രണ്ടാംഘട്ട ടാറിങ് നടത്തിയത്. രണ്ടാംഘട്ട ടാറിങ് പൂർത്തിയായശേഷം 4 സെ മീറ്റർ കനത്തിൽ അവസാനഘട്ട ടാറിങ് നടത്തിയാണു റോഡിന്റെ നിർമാണം പൂർത്തിയാക്കുന്നത്.