തിരുവനന്തപുരം: കേരള പൊലീസിലെ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുള്ള നടപടികൾ തുടരുന്നു. ഇൻസ്പെക്ടർ പി.ആർ.സുനുവിന് പിന്നാലെ സി.ഐ ജയസനിലിന് എതിരെയാവും ഇനി പിരിച്ചു വിടൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. നടപടി ക്രമങ്ങളുടെ ഭാഗമായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് ജയസനിലിന് നൽകും.
അയിരൂർ എസ്.എച്ച്.ഒ ആയിരുന്ന ജയസനിൽ പോക്സോ കേസ് പ്രതിയായ യുവാവിനെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുകയാണ്. ഇയാൾക്കെതിരെ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകാനുളള ഫയൽ നീക്കം പൊലിസ് ആസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് ആണ് പരാതിക്കാരൻ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചത് ജയസനിലിനായിരുന്നു. ഗൾഫിലായിരുന്ന പ്രതിയെ ജയസനിൽ കേസിൻ്റെ കാര്യം പറഞ്ഞ് നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം കാണാനെത്തിയ പ്രതിയോട് തൻ്റെ ചില താത്പര്യങ്ങൾ പരിഗണിക്കണമെന്നും സഹകരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കി തരാമെന്നും ജയസനിൽ പറഞ്ഞു.
തുടർന്ന് യുവാവിനെ സിഐ താൻ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം. ഇതു കൂടാതെ കേസ് അവസാനിപ്പിക്കാൻ അൻപതിനായിരം രൂപ ജയസനിൽ പ്രതിയിൽ നിന്നും കൈപ്പറ്റുകയും ചെയ്തു. എന്നാൽ പിന്നീട് വാക്ക് പാലിക്കാതിരുന്ന സിഐ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തതിന് പിന്നാലെ ഇയാൾ പോക്സോ കേസിൽ കുറ്റപത്രവും സമർപ്പിച്ചു.
സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി ഇയാൾ സിഐക്കെതിരെ പീഡനത്തിന് പരാതിയും നൽകി.