കൊൽക്കത്ത: മുൻനിര തകർന്നടിഞ്ഞ മത്സരത്തിൽ രക്ഷകനായി അവതരിച്ച രാഹുലിന്റെ മികവിൽ ഇന്ത്യയ്ക്ക് വിജയം. 86 നാല് എന്ന നിലയിൽ തകർന്ന ടീം ഇന്ത്യയെ, മധ്യനിരയെയും വാലറ്റത്തെയും കൂട്ടുപിടിച്ച് രാഹുൽ നടത്തിയ രക്ഷാപ്രവർത്തനമാണ് വിജയത്തിൽ എത്തിച്ചത്. 103 പന്തിൽ നിന്നും ആറു ഫോറുകൾ മാത്രം നേടി 64 റണ്ണടിച്ച രാഹുലാണ് ഇന്ത്യയുടെ വിജയശില്പി. ഹാർദിക് പാണ്ഡ്യ (36), ശ്രേയസ് അയ്യർ (28), അക്സർ പട്ടേൽ (21) എന്നിവർ രാഹുലിന്റെ പോരാട്ടത്തിന് കൂട്ടു നിന്നു.
ടോസ് നേടിയ ലങ്ക കഴിഞ്ഞ മത്സരത്തിലേതിനു വിപരീതമായി ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബൗളിംങിന്റെ പേരിൽ പഴി കേട്ട ഇന്ത്യൻ ബൗളർമാർ മികച്ച ഫോമിലാണ് ഇന്ന് പന്തെറിഞ്ഞത്. 5.4 ഓവറിൽ 30 റൺ മാത്രം വഴങ്ങി മൂന്നു വിക്കറ്റാണ് മുഹമ്മദ് സിറാണ് വീഴ്ത്തിയത്. 10 ഓവറിൽ നിന്നും 51 റൺ വഴങ്ങിയ കുൽദീപ് ജാദവും മൂന്നു വിക്കറ്റ് വീഴ്ത്തി. ഉമ്രാൻ മാലിക് രണ്ടും, അക്സർ പട്ടേൽ ഒന്നും വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലങ്കൻ നിരയിൽ ഓപ്പണർ ഫെർണാണ്ടോ 63 പന്തിൽ 50 റണ്ണെടുത്ത് ടോപ് സ്കോററായി. കുശാൽ മെൻഡിസ് (34), ദുഷ്നിത് വെല്ലേങ് (32), ഹസരങ്ക (21) , ഫെർണ്ണാണ്ടോ (20) എന്നിവരാണ് ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയുടെ മുന്നേറ്റ നിര ആദ്യം തന്നെ തകർന്നു. 21 പന്തിൽ 17 റണ്ണെടുത്ത രോഹിത് ശർമ്മ 33 റണ്ണിൽ പുറത്തായി. ആക്രമിച്ചു കളിച്ച ശുഭ്മാൻ ഗിൽ 12 പന്തിൽ 21 റണ്ണെടുത്ത് ടീം സ്കോർ 41 ൽ നിൽക്കെ വീണു. പിന്നാലെ, 62 ൽ കോഹ്ലിയും (4), 86 ൽ അയ്യരും (28) വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നാലെയാണ് രക്ഷാപ്രവർത്തനവുമായി രാഹുൽ രംഗത്ത് എത്തിയത്. വാലറ്റത്തെയും മധ്യനിരയെയും കൂട്ടു പിടിച്ചാണ് രാഹുൽ പോരാട്ടം നടത്തിയത്. ഇതോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.
സ്കോർ
ശ്രീലങ്ക – 215
ഇന്ത്യ – 219 /6