ഞാനും നസീറും വിവാഹിതരാകാൻ അവർ ആഗ്രഹിച്ചു; നസീറിന്റെ ഓർമ്മ ദിനത്തിൽ ഓർമ്മപ്പൂക്കൾ പങ്കുവച്ച് ഷീലാമ്മ

‘ മരിക്കുന്നതുവരെ കൊച്ചേ എന്നേ വിളിച്ചിട്ടുള്ളു. ഷീല എന്ന് ഒരിക്കൽപോലും വിളിച്ചില്ല’. നിത്യഹരിത നായകൻ പ്രേംനസീർ വിട പറഞ്ഞിട്ട്
നാളെ മുപ്പത്തിനാലാണ്ട് തികയുമ്‌ബോൾ ഭാഗ്യ നായികയായിരുന്ന ഷീലയുടെ ഓർമ്മപ്പൂക്കൾ പതിമൂന്നാം വയസിലാണ് പ്രേംനസീർ എന്ന നടനെ ആദ്യമായി നേരിൽ കാണുന്നത്. മലയാളികളുടെ ആരാധനാപാത്രത്തോട് എനിക്ക് പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല.അടുത്തിടപഴകുന്നതിന് ബുദ്ധിമുട്ട് വന്നില്ല. അഭിനയിക്കാൻ താത്പര്യമില്ലാതിരുന്നിട്ടും, വീട്ടിലെ സാഹചര്യം കാരണം സിനിമയിൽ വന്ന എനിക്ക് നസീറിന്റെ മഹത്വം അറിയില്ലായിരുന്നു. ഒരു പുഞ്ചിരിക്കുവേണ്ടിയും നോട്ടത്തിനുവേണ്ടിയും കൊതിക്കുന്ന ആരാധകർ, കാത്തുനിൽക്കുന്ന നിർമ്മാതാക്കൾ.

Advertisements

അവരാണ് എനിക്ക് നസീർ എന്ന നടൻ ആരാണെന്നും എന്താണെന്നും പഠിപ്പിച്ചു തന്നത്. വിട പറഞ്ഞിട്ട് നാളെ മുപ്പത്തിനാലുവർഷം തികയുമ്‌ബോൾ മനോഹരമായ ഓർമ്മകളിൽ നല്ല സുഹൃത്തും ജ്യേഷ്ഠ സഹോദരനും കുടുംബനാഥനുമായി താരശോഭയിൽ നസീർ സാർ നിറഞ്ഞു നിൽക്കുന്നു. ഒന്നിച്ചഭിനയിച്ച നീണ്ട ഇരുപതുവർഷങ്ങൾ…
നസീറും ഷീലയും വിവാഹം കഴിക്കും.
നസീറിനും ഷീലയ്ക്കും ഒരുപാട് സൗന്ദര്യമുണ്ട്. ആളുകൾ കഥകൾ പറഞ്ഞു.എല്ലാം കഥകളായിരുന്നു.
ഞങ്ങൾ രണ്ടുപേരും വിവാഹം കഴിച്ചുകാണാൻ ആഗ്രഹിച്ചവരുടെ തലമുറ ഇവിടെത്തന്നെയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നായകനും നായികയുമായി ഞങ്ങൾ വരുന്നത് കാണാൻ ആളുകൾ ആഗ്രഹിച്ചു. അവരുടെ ഇഷ്ടം അറിഞ്ഞ് നിർമ്മാതാക്കൾ വിളിച്ചപ്പോൾ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച നായകനും നായികയുമായി റെക്കാഡിട്ടു.
തമിഴ് സിനിമകൾ കണ്ട് എം.ജി.ആറും ജയലളിതയും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചവരുണ്ട്. തുടർച്ചയായി അവരുടെ സിനിമകൾ കാണുമ്‌ബോൾ അങ്ങനെ തോന്നുന്നത് സ്വഭാവികം.നസീറും ഷീലയും തങ്ങളുടെ സ്വന്തമാണെന്ന് വിചാരിച്ചവരെ എനിക്ക് അറിയാം.
നസീർ സാറിനെ ഞാൻ കാണുമ്‌ബോൾ വിവാഹിതനാണ്.നല്ല കുടുംബനാഥൻ. നാലു മക്കളുടെ അച്ഛൻ. എനിക്കും കുടുംബമുണ്ട്.

നസീർസാറിന്റെ മൂത്ത മകളും ഞാനും ഒരേ പ്രായമാണ്. മരിക്കുന്നതുവരെ കൊച്ചേ എന്നേ വിളിച്ചിട്ടുള്ളു. ഷീല എന്ന് ഒരിക്കൽപോലും വിളിച്ചില്ല. നസീർ സാറിന്റെ കൂടെ അഭിനയിക്കുമ്‌ബോൾ സത്യൻസാറിനൊപ്പം കെട്ടിപ്പിടിക്കുന്ന സീനിൽ വേഷമിടുന്നത് ഇഷ്ടപ്പെടാത്ത പ്രേക്ഷകരുണ്ടായിരുന്നു. ‘എന്റെ ചേട്ടനാണ് നസീർ സാർ, അപ്പോൾ ചേട്ടത്തിഅമ്മയായ ഷീലാമ്മ എന്തിന് സത്യൻസാറിനെ കെട്ടിപിടിച്ചു’ എന്ന് ഒരു ആരാധകൻ കത്തെഴുതിയിട്ടുണ്ട്. അഭിനയിച്ചോളൂ എന്നാൽ കെട്ടിപിടിക്കരുതെന്ന ഉപദേശവും തന്നു.നിണമണിഞ്ഞ കൽപ്പാടുകളിലാണ് നസീർ സാറിനൊപ്പം ആദ്യമായി അഭിനയിച്ചത്.
ഞങ്ങളെ അഭിനയിക്കാൻ വിളിക്കുന്നു, പോകുന്നുവെന്നല്ലാതെ ഞങ്ങളുടെ സൗന്ദര്യത്തെപ്പറ്റിയൊന്നും ചിന്തിച്ചിട്ടില്ല.

നസീർ സാറിന് ഒരുപാട് സൗന്ദര്യമുണ്ടെന്ന് തോന്നിയില്ല. ഏത് ആംഗിളിൽ കാമറ വച്ചാലും നല്ല മുഖമായിരിക്കും. ഈ ഭാഗ്യം അപൂർവമാണ്. നസീർ സാർ നായകനായി അഭിനയിക്കുന്ന സിനിമയിൽ നല്ല പാട്ടുകൾ ഉണ്ടാകും. എല്ലാം ക്‌ളോസപ്പ് . പ്രണയ രംഗങ്ങളിൽ പോലും കൂടുതൽ ക്‌ളോസപ്പ് നസീർ സാറിനായിരിക്കും. പാട്ടിന് അനുയോജ്യമായ മുഖം. ഇപ്പോഴത്തെ സിനിമയിൽ ഗാനരംഗത്ത് പത്തുനൂറുപേർ നൃത്തം ചെയ്യുന്നുണ്ടാകും. അല്ലെങ്കിൽ ഗാന ചിത്രീകരണം ലണ്ടനിലോ യു.എസിലോ ആയിരിക്കും. അന്ന് നസീർ സാറിന്റെ മുഖത്തായിരിക്കും കാമറ.നൂറിലധികം സിനിമകളിൽ ഞങ്ങൾ നായകനും നായികയുമായി അഭിനയിച്ചു.
പ്രണയിനിയായുംഅമ്മയായും സഹോദരിയായും അഭിനയിച്ചു.’എഴുതാത്ത കഥ’ സിനിമയിൽ നസീർ സാറിന്റെ അമ്മായി അമ്മയായി വേഷമിട്ടു. അഭിനയജീവിതത്തിലെ എന്റെ പ്രിയകഥാപാത്രങ്ങളിലൊന്നാണത്.

നല്ല മനസോടെ എല്ലാവരോടും ഇടപഴകാൻ കഴിഞ്ഞാലേ നീണ്ടനാൾ നായകനും നായികയ്ക്കും സിനിമയിൽ തുടരാൻ കഴിയൂ. അതിന് ഉദാഹരണമായി നസീർ എന്ന നടനെ മാത്രമേ അന്നും ഇന്നും കണ്ടിട്ടുള്ളു. ചായ തന്ന പ്രൊഡക്ഷൻ ബോയ് സംവിധായകനായ സിനിമയിൽ നായകനായി അഭിനയിക്കാൻ എത്തിയപ്പോൾ അയാളെ കണ്ട ഉടൻ കസേരയിൽ നിന്ന് എഴുന്നേറ്റ് തൊഴുത് സാർ എന്നു വിളിച്ചു. അതു കേട്ട് ഞാനും വിളിച്ചു. ആരാണെങ്കിൽ എന്താ, ഇപ്പോൾ സംവിധായകനാണ്. ആ മര്യാദ കൊടുക്കണമെന്ന ഉപദേശം തന്നു. സംവിധായകനാകണമെന്ന അയാളുടെ സ്വപ്നം സഫലമാകുന്ന നിമിഷം കൂടിയായിരുന്നു അത്. നസീർ സാർ എല്ലാവർക്കും ബഹുമാനം നൽകി. ഇന്ന് സിനിമയിലുള്ളവർ നേരിൽ കാണുമ്‌ബോൾ പരസ്പരം തൊഴാറില്ല. കെട്ടിപ്പിടിത്തം മാത്രം.
തമിഴ് സിനിമയിൽനിന്ന് നല്ല അവസരങ്ങൾ വന്നപ്പോൾ ഒരേസമയം രണ്ട് വള്ളത്തിൽ കാലുകുത്തരുതെന്ന് ഉപദേശിച്ചു. സ്വന്തം അനുഭവത്തിൽനിന്നാണ് ആ വാക്കുകൾ. ഞാൻ അത് അനുസരിച്ചു.

ഇവിടെത്തന്നെ നിലയുറപ്പിച്ചതുകൊണ്ട് മലയാളി ഷീല എന്ന നടിയെ ഇപ്പോഴും ഇടയ്ക്ക് കാണുന്നു.പാട്ടു സീനിൽ യേശുദാസായിരിക്കും നസീർ സാറിന് വേണ്ടി പാടുക. ചുണ്ടനക്കുമ്‌ബോൾ നസീർ സാറാണ് പാടുക എന്നേ ആളുകൾക്ക് തോന്നുകയുള്ളൂ. എന്റെ മുഖത്തേക്ക് മുഖവുമായി വന്നു ചുണ്ടനക്കി.
എന്റെ കാതിൽ വന്ന് ചുണ്ടനക്കി. ഒരിക്കൽപോലും പാട്ടിന്റെ വരികൾ കേട്ടില്ല. പി. ലീല എനിക്ക് വേണ്ടി പാടുമ്‌ബോൾ അതിനൊപ്പം പാട്ടിന്റെ വരികൾ ഞാൻ പാടാറുണ്ടായിരുന്നു.
കണ്ണപ്പനുണ്ണി വിജയം നേടിയപ്പോൾ ഉദയ സ്റ്റുഡിയോയിൽ കുഞ്ചാക്കോ നസീർ കോട്ടേജ് പണിതു. ഞാൻ നായികയായി അഭിനയിച്ച മൈനത്തെരുവി കൊലക്കേസ് പതിമൂന്നുദിവസം കൊണ്ടാണ് ചിത്രീകരിച്ചത്.

ആ സിനിമ വലിയ വിജയം നേടിയപ്പോൾ ഷീല കോട്ടേജ് വന്നു.ശാരദയും ഉഷാകുമാരിയും രാഗിണിയും ഞങ്ങൾ എല്ലാവരും കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നതുപോലത്തെ ഓർമ്മകൾ തന്ന നല്ല കാലം.
നസീർ സാർ മരിക്കുമ്‌ബോൾ ഞാൻ സ്വീഡനിൽ സഹോദരിയുടെ അടുത്തായിരുന്നു. മരിച്ചുകിടക്കുന്നത് കാണാൻ കഴിയാതെ പോയത് ദൈവം നിശ്ചയിച്ചതാണെന്ന് കരുതുന്നു. മരണശേഷം നസീർ സാറിന്റെ സിനിമകൾ കണ്ടില്ല. അന്ത്യരംഗങ്ങൾ ഇതേവരെ കാണാൻ ശ്രമിച്ചില്ല. മരിച്ച നസീർ സാറിനെ എനിക്ക് കാണുകയും ഓർക്കുകയും വേണ്ട. ചിറയിൻകീഴിലെ വീട്ടിൽ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസം ദൈവം തരുന്നു. അല്ലെങ്കിലും ചില കാര്യങ്ങളിൽ ദൈവം അങ്ങനെയാണ്.

Hot Topics

Related Articles