ഹൈദരാബാദ്: ഇരട്ടസെഞ്ച്വറി നേടിയ ഗില്ലാട്ടത്തിൽ ആറാടി ടീം ഇന്ത്യ. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മിന്നലടിയിലൂടെ ഇരട്ട സെഞ്ച്വറി നേടിയ ഗില്ലിന്റെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ട ആവേശക്കളിയിൽ 12 റണ്ണിനാണ് ഇന്ത്യൻ വിജയം. 145 പന്തിൽ ഇരട്ട സെഞ്ച്വറി നേടിയ ഗിൽ, ന്യൂസിലൻഡിന് എതിരായി ഏറ്റവും ഉയർന്ന സ്കോർ എന്ന സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡ് മറികടന്ന മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 349 റണ്ണാണ് ഇന്ത്യ നേടിയത്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത്തും ഗില്ലും ചേർന്നാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംങ്സ് ഓപ്പൺ ചെയ്തത്. സ്കോർ 60 ൽ നിൽക്കെ രോഹിത്ത് (34) മടങ്ങി. പിന്നാലെ കോഹ്ലിയും (എട്ട്) രണ്ടക്കം തികയ്ക്കാനാവാതെ മടങ്ങി. ഇതിനു പിന്നാലെ ഇരട്ടസെഞ്ച്വറിയ്ക്ക് ശേഷം ആദ്യമായി അവസരം ലഭിച്ച ഇഷാൻ കിഷനും (അഞ്ച്) മടങ്ങിയതോടെ ഒറ്റയാൾ പോരാട്ടമായി ശുഭ്മാൻ ഗില്ലിന്റേത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂര്യകുമാർ യാദവും (31), പാണ്ഡ്യയും (28) ഒപ്പം നിന്ന് പിൻതുണ നൽകേണ്ട ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നത്. 48 ആം ഓവറിൽ 176 റൺ മാത്രമാണ് ഗില്ലിന്റെ ബാറ്റിൽ ഉണ്ടായിരുന്നത്. പിന്നീട് അടിച്ചു തകർത്ത ഗിൽ അതിവേഗം ഇരട്ടസെഞ്ച്വറി സ്വന്തമാക്കുകയായിരുന്നു. ഗ്ലെൻ ഫിലിപ്പ്സിന്റെ കിടിലം ക്യാച്ചിൽ തട്ടി ഗിൽ പുറത്താകുമ്പോൾ 149 പന്തിൽ 19 ഫോറും ഒൻപത് സിക്സും സഹിതം 208 റണ്ണെടുത്തിരുന്നു. ഗില്ലിന്റെ ഇരട്ടസെഞ്ച്വറിയുടെ ബലത്തിൽ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റണ്ണാണ് എടുത്തത്.
മറുപടി ബാറ്റിംങിനിറങ്ങിയ ന്യൂസിലൻഡിന് ആദ്യം 28 റണ്ണിന് ആദ്യ വിക്കറ്റ് നഷ്ടമായി. 10 റൺ എടുത്ത കോൺവേയാണ് ആദ്യം പുറത്തായത്. തുടർന്നു 70 ൽ ടീം സ്കോർ നിക്കെ ഫിൻ അലനും വീണു. 110 ന് അഞ്ച് എന്ന നിലയിലേയ്ക്കും, 131 ആറ് എന്ന നിലയിലേയ്ക്കും ഒരു ഘട്ടത്തിൽ ന്യൂസിലൻഡ് തകർന്നു. ഇവിടെ നിന്നാണ് പിന്നീട് ന്യൂസിലൻഡ് കളി തിരികെ പിടിച്ചത്. 131 ൽ ഒത്തു ചേർന്ന മിച്ചർ സാറ്റ്നറും, ബ്രീസ് വെല്ലും ചേർന്ന് മികച്ച ബാറ്റിംങാണ് സംഭാവന ചെയ്തത്. 78 പന്തിൽ 140 റണ്ണെടുത്ത് ഏറ്റവും അവസാനം പുറത്താകും മുൻപ് ബ്രാസ് വെൽ 12 ഫോറും 10 സിക്സും പറത്തി. 45 പന്തിൽ 57 റണ്ണാണ് മിച്ചർ സാറ്റ്നർ അടിച്ചെടുത്തത്.
ഇന്ത്യൻ ബൗളിംങിൽ മുഹമ്മദ് സിറാജ് വീണ്ടും തീയായി. 10 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം 46 റൺ വഴങ്ങിയ സിറാജ് നാലു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവും, ഷാർദൂൽ താക്കൂറും രണ്ടു വീതവും പാണ്ഡ്യയും, ഷമിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നങ്കൂരമിട്ട് വിജയത്തിലേയ്ക്കു പാഞ്ഞ ന്യൂസിലൻഡിനെ വീഴ്ത്തിയത് സിറാജിന്റെ അവസാന ഓവറുകളിലെ ബൗളിംങാണ്. 45.4 ഓവറിൽ മിച്ചൽ സാറ്റ്നറെയും, ഇതേ ഓവറിലെ അവസാന പന്തിൽ ഹെന്റി ഷിപ്പ്ളെയെയും വീഴ്ത്തിയ സിറാജാണ് ഇന്ത്യയെ വിജയവഴിയിലേയ്ക്കു തിരികെ എത്തിച്ചത്.